തിരുവനന്തപുരം: ശബരിമല സീസണില്‍ ഇത്തവണ ദര്‍ശനം ഓണ്‍ലൈനായി ബുക്ക് ചെയ്‌തു വരുന്നവര്‍ക്കു മാത്രമെന്ന നിലപാടില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങി. ഓണ്‍ലൈനായി 80,000 പേര്‍ക്ക് ബുക്കിങ് എന്നതില്‍ നിന്ന് ബുക്കിങ് 70,000 ആയി കുറച്ചു. ഇന്ന് ആരംഭിച്ച ദേവസ്വം ബോര്‍ഡിന്‍റെ ബുക്കിങ് സൈറ്റിലാണ് 80,000 എന്നതിനു പകരം 70,000 ആയി കുറച്ചത്. കുറവു വരുത്തിയ 10,000 ബുക്കിങ് ഇല്ലാതെ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ഇടത്താവളങ്ങളില്‍ സജ്ജമാക്കുന്ന കിയോസ്‌കുകളിലൂടെ സ്‌പോട്ട് ബുക്കിങ് അനുവദിക്കാനാണ് ആലോചന.
എന്നാല്‍ ഇതിനെ സ്‌പോട്ട് ബുക്കിങ് എന്നു വിശേഷിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളോ ഉദ്യോഗസ്ഥരോ തയ്യാറല്ല. മാലയിട്ട് വ്രതമെടുത്ത് അയ്യപ്പ ദര്‍ശനത്തിനെത്തുന്ന ഒരാള്‍ക്കും ദര്‍ശനമില്ലാതെ മടങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്ന മുന്‍ നിലപാട് ആവര്‍ത്തിക്കുകയാണ് ദേവസ്വം അധികൃതര്‍ ചെയ്യുന്നത്. 10,000 ഒഴിച്ചിടുന്നതിനു പുറമേ ഓണ്‍ലൈനായി ബുക്ക് ചെയ്‌തവരില്‍ത്തന്നെ അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ ഭക്തര്‍ ദിനംപ്രതി പല കാരണങ്ങളാല്‍ ശബരിമലയില്‍ എത്താറില്ല. ഇതു കൂടി കണക്കിലെടുക്കുമ്പോള്‍ ഏകദേശം ഇരുപതിനായിരത്തോളം ബുക്കിങ് ഇല്ലാത്ത ഭക്തരെ പ്രവേശിപ്പിക്കാനാകുമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ കണക്കു കൂട്ടല്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നേരത്തെ നിശ്ചയിച്ചതില്‍ നിന്ന് ഒഴിച്ചിട്ട 10,000 എന്തു ചെയ്യണമെന്ന് പിന്നീടു തീരുമാനിക്കും എന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ ഔദ്യോഗിക ഭാഷ്യമെങ്കിലും ഇത് സ്‌പോട്ട് ബുക്കിങിനാണെന്നതും വ്യക്തമാണ്. ശബരിമലയില്‍ മാലയിട്ട് വ്രതമെടുത്തു വരുന്ന ഒരു ഭക്തനും ദര്‍ശനം ലഭിക്കാത്ത സാഹചര്യമുണ്ടാകില്ലെന്ന് ഒക്‌ടോബര്‍ 14 -ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തും ഇക്കാര്യം വ്യക്തമാക്കി.
എന്നാല്‍ സ്‌പോട്ട് ബുക്കിങ് സംബന്ധിച്ച് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഔദ്യോഗികമായി ഒന്നും പറഞ്ഞിരുന്നില്ല. അതിനു പിന്നാലെയാണ് സ്‌പോട്ട് ബുക്കിങ് എന്നു സൂചിപ്പിക്കാതെ ഒരു ദിവസത്തേക്ക് ആകെ നിശ്ചയിച്ച 80,000 ബുക്കിങ് എന്നത് 70,000 ആക്കി കുറച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട നവംബര്‍ 15 ന് വൈകിട്ട് തുറക്കും. ഡിസംബര്‍ 26 നാണ് മണ്ഡല വിളക്ക്. തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു വൈകിട്ട് തുറന്നു.
Also Read:ശബരിമല മേല്‍ശാന്തിയെ തെരഞ്ഞെടുക്കുന്നത് എങ്ങനെ ?; നറുക്കെടുപ്പ് നടപടിക്രമങ്ങള്‍ അറിയാം