പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യു ബുക്കിങ്ങിലില്‍ വ്യക്‌തത വരുത്തി ദേവസ്വം ബോർഡ്. വെർച്വൽ ക്യു ബുക്ക് ചെയ്യാതെ എത്തുന്ന തീർഥാടകർക്കായി മൂന്ന് സ്ഥലങ്ങളിൽ സ്പോട്ട് ബുക്കിങ് സൗകര്യം ഏർപ്പെടുത്താന്‍ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഇത്തരത്തില്‍ ബുക്കിങ് നടത്താന്‍ ആധാർ കാർഡ് നിർബന്ധമാക്കും. സ്പോട്ട് ബുക്കിങ് ചെയ്യുന്നവർക്ക് ഫോട്ടോ പതിച്ച പ്രത്യേക പാസ് നൽകാനും ദേവസ്വം ബോർഡ് തീരുമാനിച്ചു.
പമ്പ, എരുമേലി, സത്രം (പീരുമേട്) എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിങ് കൗണ്ടർ തുറക്കുക. പമ്പയിൽ വലിയ തിരക്കു പരിഗണിച്ച് കൗണ്ടറുകളുടെ എണ്ണം കൂട്ടും. എന്നാല്‍ നിലയ്ക്കലും പന്തളത്തും കൗണ്ടര്‍ ഒരുക്കാത്തത് പമ്പയില്‍ തിരക്ക് വർധിപ്പിക്കുമോ ആശങ്ക ഉയര്‍ത്തുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രതിദിനം 10,000 പേര്‍ക്കായിരിക്കും സ്‌പോട്ട് ബുക്കിങ്ങ് വഴി ദര്‍ശനം നടത്താനാവുക. 70,000 പേര്‍ക്ക് വെർച്വൽ ക്യൂ ബൂക്കിങ്ങ് വഴിയും ദര്‍ശനം നടത്താം. മൊത്തം 80,000 പേർക്ക് ഒരു ദിവസം ദര്‍ശനം ലഭിക്കും. എന്നാല്‍ ഇരുമുടിക്കെട്ടുമായി വരുന്ന ഒരു തീര്‍ഥാടകനും ദര്‍ശനം നടത്താതെ മടങ്ങേണ്ടിവരില്ല എന്ന ഉറപ്പും അധികൃതർ നല്‍കുന്നുണ്ട്.
ക്യൂആർ കോഡ് വഴി സ്പോട് ബുക്കിങ് ചെയ്‌ത തീർഥാടകന്‍റെ എല്ലാ വിവരങ്ങളും അറിയാൻ സാധിക്കുന്ന വിധത്തിലുള്ള പാസാണ് നല്‍കുക. ഇതിനായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.