കോട്ടയം: ശബരിമല തീര്‍ഥാടക സംഘം സഞ്ചരിച്ച വാഹനം തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. എരുമേലി മുക്കൂട്ടുതറയിൽ ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം. ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബെംഗളൂരു സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരില്‍ ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റ് രണ്ട് പേരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണം. മോട്ടോർ വാഹന വകുപ്പിൻ്റെ സേഫ് സോൺ അധികൃതർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പത്തനതിട്ടയിലെ വാഹനാപകടത്തില്‍ നാല് മരണം: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും മറ്റൊരു കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നാല് പേര്‍ മരിച്ചത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ (65), നിഖിൽ (29), അനു (26), ബിജു പി ജോര്‍ജ് (51) എന്നിവരാണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കൂടൽ മുറിഞ്ഞകല്ലിൽ പുലർച്ചെ നാലരയ്‌ക്കായിരുന്നു അപകടം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അപകടത്തില്‍ മരിച്ച നിഖിലും അനുവും നവ ദമ്പതികളാണ്. ഇക്കഴിഞ്ഞ നവംബര്‍ 30നായിരുന്നു ഇരുവരുടെയും വിവാഹം. മലേഷ്യയിൽ മധുവിധു കഴിഞ്ഞ് വരുന്ന നിഖിലിനെയും അനുവിനെയും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് അപകടം. നിഖിലിന്‍റെ പിതാവാണ് മരിച്ച മത്തായി ഈപ്പൻ. അനുവിന്‍റെ പിതാവാണ് ബിജു പി ജോര്‍ജ്.
ഹൈദരാബാദ് സ്വദേശികളായ 19 തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്നത്. ഇവരില്‍ ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ ബസിന്‍റെ മുൻഭാഗം പൂര്‍ണമായി തകര്‍ന്നിരുന്നു.
Read More : പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചു; നവദമ്പതികളടക്കം നാലുപേർക്ക് ദാരുണാന്ത്യം