പത്തനംതിട്ട: പത്ത് ദിവസം നീണ്ടു നിന്ന ശബരിമല ശ്രീ ധർമ്മ ശാസ്‌ത ക്ഷേത്രത്തിലെ പൈങ്കുനി - ഉത്രം മഹോത്സവത്തിന് കൊടിയിറങ്ങിയതോടെ തിരുനട അടച്ചു. രാത്രി ആറാട്ട് എഴുന്നെള്ളത്ത് തിരികെ ശബരീശ സന്നിധാനത്ത് എത്തിയപ്പോൾ വലിയ നടപ്പന്തലിൽ വിളക്ക് എഴുന്നെള്ളിപ്പും സേവയ്ക്കും ശേഷം മറ്റ് പൂജകൾ പൂർത്തിയാക്കിയാണ് ഹരിവരാസനം പാടി തിരുനട അടച്ചത്. മേട മാസ-വിഷു പൂജകൾക്കായി ഏപ്രില്‍ പത്തിനാണ് തിരുനട തുറക്കുക.
ആറാട്ട് ബലിക്ക് ശേഷം രാവിലെ ഒൻപത് മണിയോടെയാണ് സന്നിധാനത്ത് നിന്നും ആറാട്ട് എഴുന്നെള്ളത്ത് പമ്പയിലേക്ക് പുറപ്പെട്ടത്. 11:45ഓടെ പമ്പയിലേക്ക് എത്തിയ ആറാട്ട് എഴുന്നള്ളത്തിനെ ശരണം വിളികളോടെ ഭക്തർ സ്വീകരിച്ചു. പമ്പയില്‍ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്തും അംഗങ്ങളായ അഡ്വ എ അജികുമാറും ദേവസ്വം വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യവും ദേവസ്വം ബോർഡിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ആറാട്ട് എഴുന്നെളിപ്പിന് ഔദ്യോഗിക വരവേൽപ്പും സ്വീകരണവും നല്‍കിയിരുന്നു.
ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ആയിരുന്നു പമ്പയില്‍ തിരു ആറാട്ട്. ആയിരക്കണക്കിന് അയ്യപ്പ ഭക്തരാണ് ആറാട്ട് കാണാൻ പമ്പയിൽ എത്തിച്ചേർന്നത്. അയ്യപ്പ സ്വാമിയുടെ തിരു ആറാട്ടിന് ശേഷം പമ്പാഗണപതി ക്ഷേത്രത്തിൽ പറയിടൽ ചടങ്ങും നടന്നു. പമ്പ ഗണപതി ക്ഷേത്രത്തിന് മുൻപിൽ ഒരുക്കിയിരുന്ന പഴുക്കാ മണ്ഡപത്തിൽ അയ്യപ്പസ്വാമിയെ ഇരുത്തി ഭക്തർക്ക് സ്വാമി ദർശനത്തിനുള്ള സൗകര്യവും ക്രമീകരിച്ചിരുന്നു.