പത്തനംതിട്ട: നിറപുത്തരി പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. നിറ പുത്തരിക്കായി അച്ചന്‍കോവില്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് നെല്‍ കതിരുകള്‍ എത്തിച്ചു.

നിറപുത്തരിക്കായി പ്രത്യേകം കൃഷി ചെയ്‌ത നെല്‍ക്കതിരുകളാണ് കറ്റകളാക്കി ഭക്തർ ഇരുമുടിക്കട്ടിനൊപ്പം സന്നിധാനത്ത് എത്തിച്ചത്.

നിറ പുത്തരി പൂജകള്‍ക്കായി എത്തിച്ച നെല്‍ കതിരുകള്‍ കൊടിമര ചുവട്ടില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തും അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി.

പതിനെട്ടാം പടിയില്‍ സമർപ്പിക്കുന്ന നെല്‍ക്കതിരുകള്‍ തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരും മേല്‍ശാന്തി വി.എൻ മഹേഷ് നമ്പൂതിരിയും ചേർന്ന് തീർത്ഥം തളിച്ച് ശുദ്ധിവരുത്തിയ ശേഷം ആഘോഷപൂർവം സന്നിധാനം കിഴക്കേണ്ഡപത്തില്‍ എത്തിക്കും.

നാളെ പുലര്‍ച്ചെ 05.45 നു മേല്‍ 6.30 നകമാണ് നിറപുത്തരി പൂജകള്‍ നടക്കുക. ശേഷം ശ്രീകോവിലില്‍ പൂജിച്ച നെല്‍ കതിരുകള്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യും. പൂജകള്‍ക്ക് ശേഷം രാത്രി 10 ന് നട അടക്കും.

Also Read: നിറ പുത്തരി പൂജകൾക്കൊരുങ്ങി ശബരിമല; ഞായറാഴ്‌ച നട തുറക്കും