പത്തനംതിട്ട : ശരണ മന്ത്രങ്ങളാൽ ഭക്തി സാന്ദ്രമായി സന്നിധാനം. ശബരിമലയിൽ ഇന്നു (ഓഗസ്റ്റ് 12) പുലർച്ചെ 5.45നും 6.30നും ഇടയിൽ നിറപുത്തരി പൂജകൾ നടന്നു. ഇന്നലെ മുതൽ സന്നിധാനത്ത് മഴയെപ്പോലും അവഗണിച്ച് വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ഇന്ന് പുലർച്ചെ 4ന് ആണ് ശബരിമല നട തുറന്നത്. തുടര്‍ന്ന് പുലർച്ചെ 5.45നും 6.30നും ഇടയിലായിട്ടാണ് സന്നിധാനത്ത് നിറപുത്തരി ചടങ്ങ് നടന്നത്.പതിനെട്ടാം പടിയില്‍ സമർപ്പിച്ച നെല്‍ക്കതിരുകള്‍ തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരും മേല്‍ശാന്തി വി എൻ മഹേഷ് നമ്പൂതിരിയും ചേർന്ന് തീർഥം തളിച്ച് ശുദ്ധിവരുത്തിയ ശേഷം ആഘോഷപൂർവം സന്നിധാനം കിഴക്കേ മണ്ഡപത്തില്‍ എത്തിച്ചു. തുടർന്നാണ് നിറപുത്തരി പൂജകള്‍ നടന്നത്.
എന്താണ് ശബരിമലയിലെ നിറപുത്തരി പൂജ
കാർഷിക സമൃദ്ധിക്കും ഐശ്വര്യത്തിനുമായി ശബരിമല അയ്യപ്പസ്വാമിക്കുമുന്നിൽ നെൽക്കതിരുകൾ പൂജിക്കുന്നതാണ് നിറപുത്തരി പൂജ. നിറപുത്തരിക്കായി അച്ചന്‍കോവില്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് നെല്‍ക്കതിരുകള്‍ എത്തിച്ചത്. ഇതിനായി പ്രത്യേകം കൃഷിചെയ്‌ത നെല്‍ക്കതിരുകളാണ് കറ്റകളാക്കി ഭക്തർ ഇരുമുടിക്കെട്ടിനൊപ്പം ഇന്നലെ സന്നിധാനത്ത് എത്തിച്ചത്. നിറപുത്തരി പൂജകള്‍ക്കായി എത്തിച്ച നെൽക്കതിരുകള്‍ കൊടിമര ചുവട്ടില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തും അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങിയിരുന്നു.
തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ നെൽകറ്റകൾ ശ്രീകോവിലിനുള്ളിൽ പൂജിച്ച് ശ്രീകോവിലിലും പിന്നെ സോപാനത്തും കതിർകുല കെട്ടിയശേഷം നെൽക്കതിരുകൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് പ്രസാദമായും നൽകി. മഴയെപ്പോലും അവഗണിച്ച് വലിയ ഭക്തജനത്തിരക്കാണ് ഇന്നലെമുതൽ സന്നിധാനത്ത് അനുഭവപ്പെട്ടത്. പൂജകൾ പൂർത്തിയാക്കി ഇന്നു രാത്രി 10ന് നട അടയ്ക്കും. തുടർന്ന് ചിങ്ങമാസ പൂജ, ഓണം പൂജകൾക്കായി 16ന് വീണ്ടും നട തുറക്കും.