പത്തനംതിട്ട: തിരക്ക് വർധിച്ചതോടെ ശബരിമലയിൽ സിസിടിവി നിരീക്ഷണം ശക്തമാക്കി. പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സിസിടിവി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവരുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്ര പരിസരത്ത് പൊലീസിൻ്റെയും വിജിലൻസിൻ്റെയും 48 ക്യാമറകളാണ് നിരീക്ഷണത്തിനുള്ളത്.
ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 60 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. സന്നിധാനത്തെ കണ്‍ട്രോള്‍ റൂമിൻ്റെ മേല്‍നോട്ടം പൊലീസ് സ്‌പെഷ്യല്‍ ഓഫിസർ പി. ബിജോയ്‌ക്കാണ്. ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങലെ ആധാരമാക്കി അപ്പപ്പോൾ നടപടികൾ സ്വീകരിച്ചു വരികയാണെന്നും പമ്പ മുതൽ സോപാനം വരെയുള്ള തത്സമയ ദൃശ്യങ്ങൾ ലഭിക്കുന്നതിനാൽ തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ സഹായകമാണെന്നും പി. ബിജോയ് പറഞ്ഞു.
അവശ്യ ഘട്ടങ്ങളില്‍ മെഡിക്കൽ ടീം, ആംബുലൻസ്, ട്രോളി, അഗ്നി ശമന വിഭാഗം എന്നിവരെ അറിയിക്കാനും സിസിടിവി ക്യാമറകൾ ഉപയോഗപ്പെടുന്നുണ്ട്. സുരക്ഷയുടെ ഭാഗമായി ദേവസ്വം വിജിലന്‍സ് ആകെ 172 സിസിടിവി ക്യാമറകളാണ് ശബരിമലയുടെ വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. മരക്കൂട്ടം മുതൽ സന്നിധാനം വരെ 160 ക്യാമറകളും സോപാനത്തിൽ 32 ക്യാമറയുമാണ് സ്ഥാപിച്ചിട്ടുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉരക്കുഴി സ്‌നാനത്തിന് തിരക്കേറി
പുൽമേട് വഴി കാനന പാതയിലൂടെ ശബരിമലയിലെത്തുന്ന തീർഥാടകർക്ക് 'ഉരക്കുഴി തീര്‍ഥ'സ്‌നാനത്തിന് പ്രിയമേറുന്നു. മണ്ഡലകാലം സജീവമായതോടെ സന്നിധാനത്ത് നിന്നും വെറും 900 മീറ്റർ മാത്രം അകലെ പാണ്ടിത്താവളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഉരക്കുഴിയിൽ കുളിക്കാനെത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. ദിവസവും ആയിരത്തിലധികം പേരാണ് ഇവിടെ മുങ്ങികുളിക്കാൻ എത്തുന്നത്.
പമ്പയുടെ കൈവഴിയിലെ കുമ്പളം തോട്ടിൽ നിന്ന് പാറക്കെട്ടുകൾക്കിടയിലൂടെ താഴേക്ക് പതിക്കുന്ന ചെറിയ വെള്ളച്ചാട്ടമാണ് ഉരക്കുഴി തീർഥം. വെള്ളം പതിച്ച പാറ ഉരൽപോലെ കുഴിയായെന്നും ഉരൽക്കുഴി ലോപിച്ച് ഉരക്കുഴിയായെന്നുമാണ് വിശ്വാസം. ഒരുസമയം ഒരാൾക്ക് മാത്രമാണിവിടെ മുങ്ങിക്കുളിക്കാൻ കഴിയുക. മഹിഷീ നിഗ്രഹത്തിനുശേഷം അയ്യപ്പൻ ഈ കാനനതീർഥത്തിൽ മുങ്ങിക്കുളിച്ച് സന്നിധാനത്ത് എത്തിയെന്ന വിശ്വാസത്തിൻ്റെ ചുവട് പിടിച്ചാണ് അയ്യപ്പ ഭക്തർ ഉരക്കുഴി വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിക്കുന്നത്.
Read More: സന്നിധാനം സംഗീതസാന്ദ്രം; ശബരിമല ഉണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെ സംഗീതത്തിലലിഞ്ഞ്