പത്തനംതിട്ട: സന്നിധാനത്ത് ഇതുവരെ പിടികൂടിയത് 127 പാമ്പുകളെ. വിഷപാമ്പുകളുടെ സാന്നിധ്യം കൂടുതലായതിനാൽ തീർഥാടകർ കുറുക്ക് വഴികൾ ഉപേക്ഷിച്ച് പരമ്പരാഗത പാതകൾ മാത്രമേ ഉപയോഗിക്കാവുവെന്ന് വനം വകുപ്പിൻ്റെ മുന്നറിയിപ്പ്. വനംവകുപ്പ് പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ്റെ പരിധിയിൽ ഉൾപ്പെടുന്ന ശബരിമലയടക്കമുള്ള അനുബന്ധ വനപ്രദേശങ്ങളിൽ നിന്നായി തീർഥാടനം തുടങ്ങിയ ശേഷം ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് ഇതുവരെ 127 പാമ്പുകളെ പിടികൂടി ഉൾവനത്തിൽ വിട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അണലികളും കാട്ടുപാമ്പുകളും ഉൾപ്പെടെയുള്ളവയാണ് ഏറെയും. പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി വനംവകുപ്പിൻ്റെ സർപ്പ ലൈസൻസുള്ള അംഗീകൃത പാമ്പ് പിടുത്തക്കാരാണ് ഇവയെ പിടികൂടുന്നത്. സത്രം, ഉപ്പുപാറ, പമ്പ, പരമ്പരാഗതകാനന പാത, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളിലായി 80 എക്കോ ഗാർഡുകളും 60
എലിഫൻ്റ് സ്‌ക്വാഡുകളും ഉൾപ്പെടെയുള്ള വനപാലകർ തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ട്.
സ്‌ത്രീകൾക്ക് വിശ്രമ കേന്ദ്രം
പമ്പയിൽ സ്ത്രീകൾക്ക് ഒരു വിശ്രമ കേന്ദ്രമെന്ന വർഷങ്ങൾ നീണ്ട ആവശ്യത്തിന് പരിഹാരം. വനിതകൾക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർമിച്ച വിശ്രമ കേന്ദ്രം (ഫെസിലിറ്റേഷൻ സെൻ്റർ) തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് ഉദ്ഘാടനം ചെയ്‌തു.
പമ്പ ഗണപതി ക്ഷേത്രത്തിന് സമീപമാണ് ആയിരം സ്‌ക്വയർ ഫീറ്റിൽ 50 സ്‌ത്രീകൾക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ശീതീകരിച്ച ഫെസിലിറ്റേഷൻ സെൻ്ററിൽ റെസ്‌റ്റ് റും, ഫീഡിങ് റൂം, ടോയ്‌ലെറ്റ് ബ്ലോക്ക് എന്നിവ ഉൾപ്പെടുന്നു.
വനിതകൾക്കായി പമ്പയിൽ ഒരു വിശ്രമകേന്ദ്രം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അതിനാണ് ഫെസിലിറ്റേഷൻ സെൻ്റർ യാഥാർഥ്യമായതോടെ പരിഹാരമാവുന്നത്. തീർഥാടകർക്ക് ഒപ്പം പമ്പയിൽ എത്തുന്ന യുവതികൾക്ക് സുഖമായും സുരക്ഷിതമായും വിശ്രമിക്കാൻ ഫെസിലിറ്റേഷൻ സെൻ്റർ പ്രവർത്തനക്ഷമായതോടെ സാധിക്കും.
ഭക്ഷണം കഴിക്കാൻ വലിയ മണ്ഡപത്തിൽ സൗകര്യം
ശബരിമല സന്നിധാനത്തെ ആധുനിക അന്നദാന മണ്ഡപത്തിൽ സംഘമായെത്തുന്ന തീർഥാടകർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യം ഏർപ്പെടുത്തി ദേവസ്വം ബോർഡ്. പ്രവേശന കവാടത്തിൽ നിന്നും കൂപ്പൺ എടുത്ത ശേഷം അന്നദാന മണ്ഡപത്തിൽ കൂട്ടമായിരുന്ന് ഭക്ഷണം കഴിക്കുന്നതിനാണ് വലിയ മണ്ഡപത്തിൽ സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രായമായവർക്കും ആരോഗ്യകരമായി അവശത നേരിടുന്നവർക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുമെന്നും അന്നദാനം സ്‌പെഷ്യൽ ഓഫീസർ ദിലീപ് കുമാർ അറിയിച്ചു.
ഈ തീർഥാടന കാലത്ത് ഇതുവരെ 5,99,781 പേർക്ക് സൗജന്യ ഭക്ഷണം നൽകിയിട്ടുണ്ട്. സന്നിധാനത്ത് മാത്രം 4,047,81 പേർക്ക് അന്നദാനമൊരുക്കി. പ്രഭാത ഭക്ഷണമായി ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി എന്നിവയും മധ്യാഹ്നത്തിൽ പുലാവും രാത്രിയിൽ കഞ്ഞിയും അച്ചാറും കൂട്ടുകറിയുമാണ് ഇവിടെ തികച്ചും സൗജന്യമായി നൽകുന്നത്.
Also Read: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ രണ്ടിടങ്ങളിലായി അപകടത്തില്‍പ്പെട്ടു; 20 പേര്‍ക്ക് പരിക്ക്