പത്തനംതിട്ട: ശബരിമലയിൽ ഇന്നലെ (സെപ്‌റ്റംബർ 20) നടന്ന ലക്ഷാർച്ചന, ഗണപതി ഹോമം, കളഭാഭിഷേകം തുടങ്ങിയ വിശേഷാൽ പൂജകൾ കണ്ട് തൊഴാനായി ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് സന്നിധാനത്ത് എത്തിയത്. തന്ത്രിയുടെ താത്‌കാലിക ചുമതലയുള്ള നാരായണൻ നമ്പൂതിരി, മേൽശാന്തി പിഎൻ മഹേഷ് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ഓണം കന്നിമാസ പൂജകൾ പൂർത്തിയാക്കി ഇന്ന് രാത്രി 10 മണിക്ക് ശബരിമല നടയടക്കും.
ദേവചൈതന്യം വർധിപ്പിക്കുന്നതിനായി നടത്തുന്ന ചടങ്ങാണ് ലക്ഷാർച്ചന. ബ്രഹ്മകലശം പൂജിച്ച് തന്ത്രിയുടേയും മേൽശാന്തിയുടെയും നേതൃത്വത്തിൽ 25 ശാന്തിക്കാർ ചേർന്ന് കലശത്തിന് ചുറ്റുമിരുന്ന് അയ്യപ്പ സഹസ്രനാമങ്ങൾ ചൊല്ലി. തുടർന്ന് അർച്ചനയ്ക്ക് ശേഷം ലക്ഷം മന്ത്രങ്ങൾ ഉരുവിട്ട് ബ്രഹ്മകലശം ശ്രീകോവിലിൽ എത്തിച്ച് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്‌തു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ശബരിമല, മാളികപ്പുറം പുറപ്പെടാ ശാന്തിമാർക്കായുള്ള തെരഞ്ഞെടുപ്പ്: അടുത്ത ഒരു വർഷത്തേക്കുള്ള ശബരിമല, മാളികപ്പുറം പുറപ്പെടാ ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഈ മാസം 25, 26 തീയതികളിൽ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കും. ശബരിമല മേൽശാന്തിയാകാൻ 61 പേരും മാളികപ്പുറം മേൽശാന്തിയാകാൻ 45 പേരും കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അറിയിച്ചു.
അഭിമുഖം പൂർണമായും ക്യാമറയിൽ ചിത്രീകരിക്കും. തെരഞ്ഞെടുക്കുന്നവരുടെ ലിസ്‌റ്റ് ദേവസ്വം ഹൈക്കോടതിക്ക് കൈമാറും. തുടർന്ന് തുലാമാസം ഒന്നാം തീയതി സന്നിധാനത്ത് വച്ച് നറുക്കെടുപ്പിലൂടെ അന്തിമ ലിസ്‌റ്റിലുള്ളവരിൽ നിന്നും മേൽശാന്തിമാരെ തെരഞ്ഞെടുക്കും.
Also Read: കളഭാഭിഷേകത്തിനുള്ള ചന്ദനം ഇനി ശബരിമലയില്‍ തന്നെ ഒരുങ്ങും; കാണിക്കയായി മെഷീന്‍ സമര്‍പ്പിച്ച് ഭക്തന്‍