പത്തനംതിട്ട : ശബരിമല തീർഥാടകർക്ക് ശുദ്ധജലം ലഭ്യമാക്കാൻ വാട്ടർ അതോറിറ്റിയും ദേവസ്വം ബോർഡും ചേര്‍ന്ന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പമ്പ മുതൽ സന്നിധാനം വരെ 'ശബരീ തീർഥം' എന്ന പേരിൽ ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നു. ഇതിനായി 106 കുടിവെള്ള കിയോസ്‌കുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
'റിവേഴ്‌സ് ഓസ്മോസിസ്' (RO) പ്രക്രിയ വഴി ശുദ്ധീകരിച്ച വെള്ളമാണ് നൽകുന്നത്. മണിക്കൂറിൽ 35,000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാൻ്റാണ് ഇതിനായുള്ളത്. പമ്പ ത്രിവേണിയിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം പമ്പ, നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളിലെ ടാങ്കുകളിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്.
പമ്പയിൽ 2.8 ലക്ഷം ലിറ്റർ, രണ്ട് ലക്ഷം ലിറ്റർ, 1.35 ലക്ഷം ലിറ്റർ എന്നിങ്ങനെ സംഭരണശേഷിയുള്ള മൂന്ന് ടാങ്കുകളുണ്ട്. നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ടാങ്കുകൾക്ക് രണ്ട് ലക്ഷം ലിറ്റർ വീതമാണ് സംഭരണശേഷി. ശരംകുത്തിയിലേത് ആറ് ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്കാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇത് കൂടാതെ പാണ്ടിത്തളത്തിന് സമീപം ദേവസ്വം ബോർഡിന്‍റെ 40 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്കുകളുണ്ട്. കുന്നാർ ഡാമിൽ നിന്നാണ് ദേവസ്വം ബോർഡ് ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുന്നത്. ഇവിടെ ആവശ്യത്തിന് വെള്ളം ഇല്ലാതെ വരുന്ന അവസരങ്ങളിൽ വാട്ടർ അതോറിറ്റി ഈ ടാങ്കുകളിലേക്കും വെള്ളം എത്തിക്കും.
പമ്പ ഹിൽ ടോപ്പിൽ പ്രളയത്തിൽ തകർന്ന വിതരണ പൈപ്പുകൾ പുനസ്ഥാപിച്ചു വെള്ളമെത്തിക്കാനും കഴിഞ്ഞു. ഹിൽടോപ്പിൽ ചെറു വാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവുണ്ടായതിനെ തുടർന്നാണ് അടിയന്തരമായി ഇവിടെയും വെള്ളം എത്തിക്കാൻ നടപടിയെടുത്തതെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.
തിളപ്പിച്ച ചുക്കുവെള്ളവും ബിസ്ക്കറ്റും : ശബരിമലയിലെത്തുന്ന തീർഥാടകർക്ക് ദേവസ്വം ബോർഡ് വിതരണം ചെയ്യുന്ന തിളപ്പിച്ച ചുക്കുവെള്ളവും ബിസ്ക്കറ്റും നൽകുന്ന ആശ്വാസം ചെറുതല്ല. പ്ലാസ്റ്റിക് കുപ്പികൾക്ക് നിരോധനമുള്ളതിനാൽ കൈയിൽ വെള്ളം കരുതാതെയാണ് കൂടുതൽ സ്വാമിമാരും മല കയറുന്നത്. എന്നാൽ പമ്പ മുതൽ സന്നിധാനം വരെ ആവശ്യമുള്ളവർക്കെല്ലാം സുലഭമായി സുരക്ഷിതമായ കുടിവെള്ളം ചെറു ചൂടോടെ നൽകുന്നു.
പമ്പയിലും ശരംകുത്തിയിലും സന്നിധാനത്തും ചുക്കു വെള്ളം തയ്യാറാക്കുന്നുണ്ട്. ശരംകുത്തിയിൽ മാത്രം 15,000 ലിറ്ററിൻ്റെ മൂന്ന് ബോയിലറുകൾ പ്രവർത്തിക്കുന്നു. നാലാമതൊരെണ്ണത്തിൻ്റെ നിർമാണം പുരോഗമിച്ചു വരുന്നു. പുതുതായി സ്ഥാപിച്ച പൈപ്പ്ലൈൻ വഴിയാണ് കുടിവെള്ളം വിതരണ കേന്ദ്രങ്ങളിലെത്തിക്കുന്നത്.
ശരംകുത്തി മുതൽ ക്യൂ കോംപ്ലക്‌സ് അവസാനിക്കുന്നതുവരെ 20 ഇടങ്ങളിൽ കുടിവെള്ള ടാപ്പുകൾ ഉണ്ട്. തീർഥാടകർക്ക് ഇവിടങ്ങളിൽ നിന്ന് വെള്ളം ശേഖരിക്കാം. വലിയ നടപ്പന്തലിൽ എല്ലാ വരികളിലും നിൽക്കുന്നവർക്ക് കുടിവെള്ളം വിതരണം ചെയ്യാനുള്ള വിധത്തിലുള്ള ക്രമീകരണങ്ങളുണ്ട്.
വലിയ നടപ്പന്തലിൽ വരിനിൽക്കുന്ന ഭക്തർക്ക് അഞ്ച് ട്രോളികളിലായി കുടിവെള്ളം അവരുടെ അടുത്ത് എത്തിച്ചു നൽകും. 24 മണിക്കൂറും സേവനമുണ്ട്. അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ കുടിവെള്ള വിതരണത്തിനായി 607 പേരെ മൂന്നു ഷിഫ്റ്റുകളിലായി നിയോഗിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് നൽകിയ യൂണിഫോം ഇട്ടാണ് ഇവരുടെ പ്രവർത്തനം.
വരിനിൽക്കുന്ന ഭക്തർക്ക് ബിസ്‌കറ്റും നൽകുന്നുണ്ട്. 28 ലക്ഷം പായ്ക്കറ്റ് ബിസ്ക്കറ്റ് ഇതിനോടകം വിതരണം ചെയ്‌തു കഴിഞ്ഞു.
പമ്പയിൽ നിന്ന് സ്റ്റീൽ കുപ്പി കരുതാം : പ്ലാസ്റ്റിക് നിരോധനമുള്ളതിനാൽ പമ്പയിലോ സന്നിധാനത്തോ കുപ്പിവെള്ളം കിട്ടില്ല. മലകയറുന്ന തീർഥാടകർക്ക് വെള്ളം ശേഖരിക്കാൻ പമ്പയിൽ പ്രവർത്തിക്കുന്ന കൗണ്ടറിൽ നിന്ന് സ്റ്റീൽ കുപ്പികൾ ശേഖരിക്കാം. 100 രൂപ നൽകി വാങ്ങുന്ന കുപ്പി തിരികെയെത്തുമ്പോൾ മടക്കി നൽകിയാൽ തുക തിരികെ നൽകും. അല്ലാത്തവർക്ക് കുപ്പി വീട്ടിൽ കൊണ്ടുപോകാം. പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കിയതിലൂടെ പൂങ്കാവനത്തിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യം ഗണ്യമായി കുറയ്ക്കാനായതായി അധികൃതർ പറഞ്ഞു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കും : സന്നിധാനത്ത് വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഭക്ഷ്യ വസ്‌തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി. ഇതിന്‍റെ ചുമതലയുള്ള സന്നിധാനത്തെ ഭക്ഷ്യസുരക്ഷ ഓഫിസർ എസ്. സംഗീതിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 10 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. പിടിച്ചെടുത്ത 11 ഭക്ഷ്യ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.
സന്നിധാനത്തെ ഹോട്ടലുകള്‍, കച്ചവട സ്ഥാപനങ്ങള്‍, അരവണ പ്ലാന്‍റ്, അന്നദാന കേന്ദ്രങ്ങൾ എന്നിവയിലും ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി. ഭക്ഷ്യവസ്‌തുക്കളുടെ ഗുണനിലവാരം, ശുചിത്വം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് സന്നിധാനത്തെ ഹോട്ടലുകളിൽ ജോലിചെയ്യുന്ന 40 പേർക്ക് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ നേതൃത്വത്തിൽ പരിശീലനം നൽകി. ഭക്ഷണം പാചകം ചെയ്യുമ്പോൾ ശുചിത്വം പാലിക്കേണ്ട രീതികൾ, ഭക്ഷണാവശിഷ്‌ടങ്ങളും മറ്റു മാലിന്യങ്ങളും കൈകാര്യം ചെയ്യുന്ന രീതി എന്നിവ സംബന്ധിച്ച് ഇവർക്ക് പരിശീലനം നൽകി. സന്നിധാനത്തെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.
കൂട്ടം തെറ്റിയ കുട്ടിയെ സുരക്ഷിതമായി ബന്ധുക്കളെ ഏല്‍പ്പിച്ചു : ശബരിമല സന്നിധാനത്ത് കൂട്ടം തെറ്റിയ 12 വയസുള്ള അയ്യപ്പനെ പൊലീസ് നിമിഷങ്ങൾക്കകം കണ്ടെത്തി ബന്ധുക്കളെ ഏൽപ്പിച്ചു. മലപ്പുറത്തു നിന്നുള്ള 12 വയസുള്ള അയ്യപ്പനാണ് ഇന്നലെ രാവിലെ ഏട്ടരയോടെ മാളികപ്പുറത്തുവച്ച് കൂട്ടംതെറ്റി പിരിഞ്ഞത്. ഭയചകിതനായ കുട്ടി ഒറ്റയ്ക്ക് നടക്കുന്നത് കണ്ട പൊലീസ് ഉദ്യോഗസ്ഥരാണ് കുട്ടിയെ ബന്ധുക്കളുടെ അടുത്ത് എത്തിച്ചത്.
Also Read: ശബരിമല തീർത്ഥാടകർക്ക് ഇനി എല്ലാം സ്വാമി ചാറ്റ് ബോട്ട് പറഞ്ഞുതരും; ഉപയോഗിക്കേണ്ടതിങ്ങനെ