തിരുവനന്തപുരം: റഷ്യയിൽ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. തിരുവനന്തപുരത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് പേർ തിരിച്ചെത്തി, അങ്ങേയറ്റം പ്രാധാന്യമുള്ള സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും ജയശങ്കർ പറഞ്ഞു.
ഇന്ത്യയിലെ റഷ്യൻ അംബാസഡറോട് വിഷയവുമായി ആശയ വിനിമയം നടത്തി. റഷ്യയിലെ ഇന്ത്യൻ അംബാസഡറോഡ് റഷ്യൻ വിദേശ കാര്യ മന്ത്രാലയവുമായി ബന്ധപ്പെടാൻ നിർദേശവും നൽകി. ഏത് സാഹചര്യത്തിലായാലും യുദ്ധ ഭൂമിയിൽ ഇന്ത്യക്കാരെ കൊണ്ട് പോകുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി വ്യക്‌തമാക്കി.
കേന്ദ്ര സർക്കാർ വലിയ പ്രാധാന്യത്തോടെയാണ് വിഷയത്തിൽ ഇടപെടുന്നത്. സംഭവത്തിന് കാരണക്കാരായവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കും. മോദി സർക്കാർ സമാനതകളില്ലാത്ത വിദേശ ബന്ധങ്ങളാണ് സ്ഥാപിച്ചതെന്നും എസ് ജയശങ്കർ അവകാശപ്പെട്ടു.
മോദി സർക്കാർ ഗൾഫ് രാജ്യങ്ങളുമായി സ്ഥാപിച്ച ബന്ധം മറ്റൊരു സർക്കാരും ഉണ്ടാക്കിയിട്ടില്ല. അബുദാബിയിൽ ക്ഷേത്രം അനുവദിച്ചത് ഇതിന്‍റെ ഭാഗമായാണ്. രാജ്യത്ത് ലോക രാജ്യങ്ങളുമായി ഏറ്റവും കൂടുതൽ ബന്ധമുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പാസ്‌പോർട്ടുകൾ കേരളത്തിലാണ് ഓരോ വർഷവും നൽകുന്നത്.
വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം പരിഹരിക്കാൻ കൂടുതൽ വിമാന സർവിസുകളാണ് ആവശ്യം. എയർ ഇന്ത്യയും ഇൻഡിഗോയും കൂടുതൽ വിമാനങ്ങൾ വാങ്ങാൻ കരാർ നൽകിയെന്നാണ് വിവരം. ഇവ കൂടിയെത്തുമ്പോൾ ഈ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നും എസ് ജയശങ്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.