എറണാകുളം : സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. കാറില്‍ സ്വിമ്മിങ്ങ് പൂള്‍ ഒരുക്കുകയും ഈ വാഹനവുമായി പൊതുനിരത്തില്‍ ഇറങ്ങുകയും ചെയ്‌തതിനാണ് നടപടി. ആലപ്പുഴ എന്‍ഫോഴ്‌മെന്‍റ് ആര്‍ടിഒ ആർ രമണനാണ് ഇക്കാര്യം അറിയിച്ചത്. ലൈസന്‍സിന് ആജീവനാന്ത വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തുടർച്ചയായ മോട്ടോർ വാഹന നിയമ ലംഘനങ്ങളുടെ പേരില്‍ സഞ്ജു ടെക്കിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി ഉള്‍പ്പടെ നിര്‍ദേശിച്ചിരുന്നു. അതേസമയം അറിവിലായ്‌മ കൊണ്ട് സംഭവിച്ചതാണെന്നും ഇത്തരത്തിലുള്ള തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നുമെല്ലാമായിരുന്നു സഞ്ജു ടെക്കി നല്‍കിയ വിശദീകരണം.
എന്നാല്‍, ഹൈക്കോടതി ഉള്‍പ്പടെ കേസില്‍ ഇടപെടുകയും ഇത്തരം കേസുകളില്‍ യാതൊരു ഇളവും നല്‍കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്‌തതോടെ മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടിയിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് കുളിച്ചുകൊണ്ട് യാത്ര ചെയ്‌ത വ്‌ളോഗർ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളജിൽ സാമൂഹികസേവനം തുടരുകയാണ്. 15 ദിവസത്തേക്കാണ് ഇവർക്ക് ശിക്ഷ നൽകിയിരിക്കുന്നത്. വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് റദ്ദാക്കിയിട്ടുമുണ്ട്.
ALSO READ: സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിച്ചെന്ന് സർക്കാർ ; ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് കൈമാറി