കോഴിക്കോട് : വിവിധ കരിങ്കൽ ക്വാറികൾ തമ്മിൽ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന റോഡ് വൻ അപകട ഭീഷണി ഉയർത്തുന്നു. കോഴിക്കോട് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് നൂറ് കണക്കിന് കുടുംബങ്ങൾക്കും കൃഷി ഭൂമിക്കുമുൾപെടെ ഭീഷണിയായി കുന്നോളം ഉയരത്തിൽ ലാേഡ് കണക്കിന് മണ്ണ് കൂട്ടിയിട്ടത്. ഒരു ചെറിയ മഴ പെയ്‌താൽ പോലും ഈ മണ്ണ് താഴ്ഭാഗത്തേക്ക് ഒലിച്ചിറങ്ങി വലിയ അപകടങ്ങൾക്ക് കാരണമാവും. മാത്രമല്ല പ്രദേശത്തെ നിരവധി കുടിവെള്ള സ്രാേതസുകൾക്കും ഈ അശാസ്ത്രീയ റോഡ്പ്രവൃത്തി വലിയ ഭീഷണിയാണ് ( Road Construction To Quarry ).
നിലവിൽ ഈ ഭാഗത്തെ നിരവധി ക്വാറികളിലേക്കും ക്രഷർ യൂനിറ്റുകളിലേക്കുമായി നൂറ് കണക്കിന് ടിപ്പർ വാഹനങ്ങൾ കടന്ന് പോവുന്ന പ്രദേശം കൂടിയാണിത്. പുതിയ റോഡ് വരുന്നതോടെ ഇനിയും ടിപ്പർ ലോറികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. അതോടെ കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ് റോഡ് തോണിച്ചാൽ പ്രദേശത്തെ 50 ഓളം കുടുംബങ്ങളുടെ നിലനിൽപ്പുതന്നെ അപകടത്തിൽ ആകുമെന്ന ആശങ്കയുണ്ട്.
നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത് പ്രസിഡന്‍റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്‍റ് ഫസൽ കൊടിയത്തൂർ, വാർഡ് മെമ്പർ കോമളം തോണിച്ചാൽ, വില്ലേജ് ഓഫിസർ സിജു തുടങ്ങിയവർ സ്ഥലം സന്ദർശിക്കുകയും ക്വാറികളുടെ പ്രവർത്തനം നിർത്തി വെപ്പിക്കുകയും ചെയ്‌തു.
ക്വാറികളിലേക്ക് നിർമിക്കുന്ന റോഡിൻ്റെ നിർമാണപ്രവർത്തിക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് വില്ലേജ് ഓഫീസറും അറിയിച്ചു. നാട്ടിൽ എവിടെയും ഇല്ലാത്ത വിധം കരിങ്കൽ ക്വാറികളുടെ എണ്ണം ഓരോ ദിവസവും കൊടിയത്തൂർ പഞ്ചായത്തിൽ പെരുകി വരികയാണ്. അതുകൊണ്ടുതന്നെ ജനങ്ങളെ വെല്ലുവിളിക്കുന്ന വിധത്തിൽ റോഡുകളും ക്വാറികളും ഉയരുന്നത് തടയാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ പൊതുജനങ്ങളുടെ നിലനിൽപ്പ് തന്നെ ഇല്ലാതാകും എന്നാണ് ആശങ്ക.