തിരുവനന്തപുരം : പൊതുവിപണിയിൽ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്‌കീമിൽ (OMSS) പങ്കെടുക്കാന്‍ സർക്കാരിനും സർക്കാർ ഏജൻസികൾക്കും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് ഉടൻ പിൻവലിക്കണമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. അല്ലാത്ത പക്ഷം സംസ്ഥാനത്ത് അരിയുടെ വിലക്കയറ്റത്തിന് കാരണമായേക്കാമെന്നും മന്ത്രി പറഞ്ഞു (Rice Price Kerala).
സർക്കാര്‍ ഏജൻസി എന്ന നിലയിൽ സപ്ലൈകോ സ്ഥിരമായി ഒ എം എസ് എസ് ലേലത്തിൽ പങ്കെടുക്കാറുണ്ട്. ലേലത്തിൽ സാധാരണഗതിയിൽ വലിയ മത്സരം ഉണ്ടാകാത്തതുകൊണ്ട് അടിസ്ഥാന വിലയ്ക്ക് തന്നെ ഭക്ഷ്യധാന്യങ്ങൾ ലഭിച്ചിരുന്നു. ഭക്ഷ്യധാന്യങ്ങളുടെ വില നിശ്ചയിക്കുന്നത് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്‌തൃകാര്യ മന്ത്രാലയമാണ്. അരിക്ക് നിലവിൽ നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വില 2900 രൂപയും, ഗോതമ്പിന്‍റെ അടിസ്ഥാന വില ക്വിന്‍റലിന് 2150 രൂപയുമാണ്. എന്നാൽ നിലവിൽ സർക്കാറിനോ സർക്കാരിന്‍റെ ഏജൻസികൾക്കോ ഒ എം എസ് എസിൽ പങ്കെടുത്ത് ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിയില്ല എന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത്തരമൊരു തീരുമാനം കേരളത്തെ പോലൊരു ഉപഭോക്തൃ സംസ്ഥാനത്തെ വലിയതോതിൽ ദോഷകരമായി ബാധിക്കും. പൊതുവിപണിയിൽ ആവശ്യത്തിന് അരി ലഭ്യമാകാത്ത സാഹചര്യവും സൃഷ്‌ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
മുൻകാലങ്ങളിൽ സംസ്ഥാനത്തിന് അനുവദിച്ചുവന്നിരുന്ന ഗോതമ്പ് പഞ്ചസാര മണ്ണെണ്ണ എന്നിവയുടെ വിഹിതത്തിലും വലിയതോതിലുള്ള വെട്ടിക്കുറവാണ് കേന്ദ്രസർക്കാർ വരുത്തിയിട്ടുള്ളത്. സംസ്ഥാനത്തിനുള്ള സ്‌റ്റൈൽ ഓവർ വിഹിതം വർധിപ്പിക്കാത്തതിനാൽ ഇത്തവണത്തെ ഉത്സവം- റംസാൻ സീസണുകളിൽ മുൻഗണനേതര വിഭാഗത്തിന് ആവശ്യമായ തോതിൽ അരി നൽകുന്നതിന് തടസമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കേരളത്തിന് ആവശ്യമായ അരി, മുളക് എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നത് സംബന്ധിച്ച് തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ഉത്തം കുമാർ റെഡ്ഡിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും തെലങ്കാന സർക്കാർ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കേരളത്തെ സംബന്ധിച്ച് ഉത്സവങ്ങളുടെ മാസങ്ങളാണ് ഇനി അങ്ങോട്ടെന്നും, അരിയുൾപ്പടെ ഭക്ഷ്യധാന്യങ്ങളുടെ വില വർധിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.
Also Read: ഭാരത് അരി പൊതു വിപണിയിൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത; റേഷൻകടകൾ വഴി വിതരണം ചെയ്യണമെന്നാവശ്യം
ഫെബ്രുവരി മാസത്തെ റേഷൻ വിഹിതത്തിൽ നീല കാർഡ് ഉടമകൾക്ക് പ്രതിമാസ വിഹിതത്തിന് പുറമെ നാല് കിലോ അരി നൽകും. വെള്ള കാർഡൊന്നിന് 5 കിലോ അരി നൽകുന്നതിന് ഉത്തരവ് ആയിട്ടുണ്ടെന്നും ജി ആർ അനിൽ കൂട്ടിച്ചേര്‍ത്തു.