ഇടുക്കി: അടിമാലി ടൗണിലും പരിസര പ്രദേശങ്ങളിലും രാത്രികാല പൊലീസ് പട്രോളിങ് കർശനമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ. മേഖലയിൽ മോഷണവും മോഷണശ്രമങ്ങളും ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ടൗണിന് പുറമെ സമീപമേഖലകളിലെ ഇടവഴികളിലടക്കം വഴിവിളക്ക് സ്ഥാപിക്കുകയും രാത്രികാല പട്രോളിങ് നടത്തുകയും വേണമെന്നാണ് ആവശ്യം.
അടുത്തിടെ അടിമാലി ടൗണിന് സമീപം കാംകോ ജങ്‌ഷന്‍ ഭാഗത്തെ വീട്ടിൽ രാത്രിയിൽ മോഷണശ്രമം നടന്നിരുന്നു. പ്രദേശവാസികള്‍ ഉണര്‍ന്നതോടെ അജ്ഞാതന്‍ ഓടി രക്ഷപ്പെട്ടു. കൂമ്പന്‍പാറയിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് കാറ് മോഷണം പോയിട്ടുണ്ട്. കൂടാതെ ഓടക്കാസിറ്റി ഭാഗത്തെ വീട്ടില്‍ മോഷണം നടന്നിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് മച്ചിപ്ലാവ് മേഖലയിലെ മലഞ്ചരക്ക് കടയില്ലും മോഷണം ഉണ്ടായിട്ടുണ്ട്.
അടിമാലി ടൗണിലും പത്താംമൈല്‍ ടൗണിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും ഇത്തരത്തിൽ അടിമാലിയുടെ സമീപ മേഖലകളില്‍ മോഷണവും മോഷണശ്രമങ്ങളും ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് പട്രോളിങ് കർശനമാക്കണമെന്ന ആവശ്യമുയര്‍ന്നത്. രാത്രികാലത്ത് മോഷണ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതില്‍ വ്യാപാരികളടക്കം ആശങ്കയിലാണ്.
Also read: മയക്കുമരുന്ന് വാങ്ങാൻ മോഷണം: സ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തുന്നയാൾ പിടിയിൽ