തിരുവനന്തപുരം: ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാൽ മെയ് 1 മുതൽ പരിഷ്‌കരിച്ച രീതിയിൽ ഡ്രൈവിങ് ലൈസൻസ് ടെസ്‌റ്റ് നടത്താന്‍ ഇളവിന് നിർദേശം നൽകി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിലവിൽ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്‌കരിച്ച രീതിയിലുള്ള ട്രാക്ക് സജ്ജമായത്. ഇവിടെ മെയ് 1 മുതൽ ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌കരണം നടപ്പിലാക്കുമെന്നും ട്രാക്കുകൾ സജ്ജമാകാത്ത സ്ഥലങ്ങളിൽ 'എച്ച്' പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ എടുക്കാമെന്നും ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നിലവിലെ രീതിയിൽ നിന്ന് മാറി റോഡ് ടെസ്‌റ്റിന് ശേഷമായിരിക്കും എച്ച് എടുപ്പിക്കുക. റോഡ് ടെസ്‌റ്റിൽ കയറ്റത്ത് നിർത്തി മുന്നോട്ടെടുക്കുക, പാർക്കിങ് എന്നിവയും ചെയ്‌തു കാണിക്കണം. മെയ് മുതൽ പ്രതിദിനം നടത്തുന്ന ഡ്രൈവിങ് ടെസ്‌റ്റുകളുടെ എണ്ണം 60 ആയി നിജപ്പെടുത്തും.
പുതുതായി ടെസ്‌റ്റിൽ പങ്കെടുക്കുന്ന 40 പേർക്കും തോറ്റവർക്കുള്ള റീ ടെസ്‌റ്റിൽ ഉൾപ്പെട്ട 20 പേർക്കുമായിരിക്കും ടെസ്‌റ്റ് നടത്തുക. നിലവിലുള്ള എച്ച് ടെസ്‌റ്റിന് പകരം ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ടെസ്‌റ്റ് ഗ്രൗണ്ടിൽ ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രേഡിയന്‍റ് ടെസ്‌റ്റ് എന്നിവ ഉൾപ്പെടുത്തണമെന്നും ഇത് മെയ് 1 മുതൽ നടപ്പാക്കണമെന്നുമായിരുന്നു നിർദ്ദേശം.
എന്നാൽ പരിഷ്‌കരിച്ച രീതിയിൽ ട്രാക്കുകൾ സജ്ജമാകാത്ത സാഹചര്യത്തിലാണ് പുതിയ നിർദേശം. അതേ സമയം മെയ് മുതൽ 30 പേർക്ക് മാത്രമേ ടെസ്‌റ്റ് നടത്താവൂ എന്നായിരുന്നു മന്ത്രി ആദ്യം പുറപ്പെടുവിച്ച നിർദേശം. ഇതിനെതിരെ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ അടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതാണിപ്പോൾ 60 ആക്കി ഇളവ് വരുത്തിയിരിക്കുന്നത്.
Also Read : പ്രതിദിനം 130 വരെ ഡ്രൈവിങ് ടെസ്റ്റുകള്‍ ; ഉദ്യോഗസ്ഥര്‍ക്ക് 'എച്ചി'ന്‍റെ പണി - Driving Test For MVD Officials