കാസര്‍കോട്: 'വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയാണ്. സാമ്പത്തിക ബാധ്യതയും അധികൃതരുടെ ഭാഗത്ത് നിന്നുള്ള നിസംഗതയുമാണ് ഈ തീരുമാനത്തിന് പിന്നില്‍'. സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ചെങ്കല്‍ ക്വാറി അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് ഗോപാലകൃഷ്‌ണന്‍ എല്ലാ പ്രതീക്ഷകളും നഷ്‌ടപ്പെട്ട് ജീവിതത്തില്‍ നിന്ന് വിടപറയാന്‍ തീരുമാനിച്ച് കൊണ്ട് എഴുതി വച്ച കുറിപ്പിലെ വാക്കുകളാണിത്. ചെങ്കൽ ക്വാറി ഉടമസ്ഥ ക്ഷേമ സംഘം നടത്തുന്ന നിരാഹാര സത്യാഗ്രഹത്തിന്‍റെ സമരപ്പന്തലിൽ വച്ചാണ് അദ്ദേഹം ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.
ചെങ്കല്‍ ക്വാറി ഉടമസ്ഥ ക്ഷേമ സംഘം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന അനിശ്ചിതകാല ഉപവാസ സമരപ്പന്തലിലാണ് വിഷം അകത്ത് ചെന്ന നിലയില്‍ ജില്ല ഭാരവാഹിയെ കണ്ടെത്തിയത്. ഭാഗ്യം കൊണ്ടു മാത്രമാണ് ഗോപാലകൃഷ്‌ണന്‍ അപകട നില തരണം ചെയ്‌തതെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു.
![ചെങ്കൽ ക്വാറി QUARRY OWNERS PROTEST IN KASARAGOD ചെങ്കൽ ക്വാറി ഉടമകളുടെ പ്രതിഷേധം RED STONE QUARRY OWNERS PROTEST](https://etvbharatimages.akamaized.net/etvbharat/prod-images/28-09-2024/22557885_quarry7.jpg)
ചെങ്കല്‍ വ്യവസായം: ചെങ്കല്‍ പണകള്‍ എന്നുമൊരു വിസ്‌മയമാണ്. ഭൂമിക്ക് മീതെയുള്ള മണ്ണില്‍ നിന്നും വെട്ടിയെടുക്കുന്ന ചുവന്ന നിറമുള്ള കല്ലിന് പലരുടെയും അധ്വാനത്തിന്‍റെ കഥ പറയാനുണ്ടാകും. പൊടിയും ചെളിയും നിറഞ്ഞ ചെങ്കല്‍ പണകള്‍ക്ക് അത്യധ്വാനികളായ ആയിരക്കണക്കിന് തൊഴിലാളികളുടെ വിയര്‍പ്പിന്‍റെ ഗന്ധമാണ്.
കാസര്‍കോട് ജില്ലയില്‍ മാത്രം 400 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പതിനായിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നു. സമരം ആരംഭിച്ചതോടെ ഈ തൊഴിലാളികള്‍ പട്ടിണിയിലായി. മറ്റ് ജോലികളെ അപേക്ഷിച്ച് അതി കഠിനമാണ് ചെങ്കല്‍ പണകളിലെ ജോലിയെങ്കിലും മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ പലരും ഈ ജോലിയില്‍ തുടരുന്നു. തൊഴിലാളികള്‍ മാത്രമല്ല.ചെങ്കല്‍ മുതലാളിമാരില്‍ പലരും പ്രതിസന്ധിയിലാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. റവന്യു, പൊലീസ് അധികൃതരുടെ വേട്ടയാടലും. ഏറ്റെടുക്കുന്ന പ്രദേശത്ത് നല്ല കല്ലുകള്‍ കിട്ടാത്തതുമാണ് മറ്റൊരു പ്രതിസന്ധിയെന്ന് ഇവര്‍ പറയുന്നു.
![ചെങ്കൽ ക്വാറി QUARRY OWNERS PROTEST IN KASARAGOD ചെങ്കൽ ക്വാറി ഉടമകളുടെ പ്രതിഷേധം RED STONE QUARRY OWNERS PROTEST](https://etvbharatimages.akamaized.net/etvbharat/prod-images/28-09-2024/22557885_quarry6.jpg)
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കെട്ടിട നിര്‍മാണം പ്രതിസന്ധിയില്‍: ചെങ്കല്‍ സമരം ആരംഭിച്ചതോടെ ജില്ലയിലെ കെട്ടിട നിര്‍മാണ മേഖല പ്രതിസന്ധിയിലാണ്. ചെങ്കല്‍ ക്ഷാമം രൂക്ഷമായതോടെ വീടുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണം പാതി വഴിയിലായി. വടക്കന്‍ കേരളത്തില്‍ കെട്ടിട നിര്‍മാണം മിക്കവാറും ചെങ്കല്ല് കൊണ്ടാണ്. ഉറപ്പ് തന്നെയാണ് ഇതിന്‍റെ ഏറ്റവും വലിയ ഗുണം.
![ചെങ്കൽ ക്വാറി QUARRY OWNERS PROTEST IN KASARAGOD ചെങ്കൽ ക്വാറി ഉടമകളുടെ പ്രതിഷേധം RED STONE QUARRY OWNERS PROTEST](https://etvbharatimages.akamaized.net/etvbharat/prod-images/28-09-2024/22557885_quary3.jpg)
പാരിസ്ഥിതിക ദുരന്തത്തിന് വഴി വെക്കുമോ?: ചെങ്കല്‍ പണകളെ പറ്റി പറയുമ്പോള്‍ പാരിസ്ഥിതിക ദുരന്തത്തെ കുറിച്ചും ജലശോഷണത്തെയും കുറിച്ചുള്ള കാര്യങ്ങളാകും മനസിലെത്തുക. എന്നാല്‍ ഇവയൊക്കെ കൃത്യമായി പഠിച്ച് ലൈസന്‍സ് നേടി പണകളില്‍ നിന്നും കല്ലെടുക്കുന്നവര്‍ നിരവധിയുണ്ട്.
അതേസമയം ഇതിന്‍റെ മറവിലുള്ള കൊള്ള സംഘത്തെയും വിസ്‌മരിക്കാനാകില്ല. അനധികൃത ക്വാറികളുടെ കടന്നുകയറ്റം വലിയ പാരിസ്ഥിതിക ആഘാതം വരുത്തിവയ്ക്കുമെന്നുറപ്പാണ്. മാത്രമല്ല ഇത് തടയേണ്ടത് പ്രധാനമാണ്. എന്നാല്‍ എല്ലാ തരത്തിലുള്ള അനുമതിയും നേടിയെടുത്ത് ചെങ്കല്‍ പണകള്‍ ആരംഭിക്കുന്ന ഉടമയ്ക്ക് നേരെ ഉണ്ടാകുന്ന അധികൃതരുടെ വേട്ട അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഉടമകള്‍ പറയുന്നത്.
![ചെങ്കൽ ക്വാറി QUARRY OWNERS PROTEST IN KASARAGOD ചെങ്കൽ ക്വാറി ഉടമകളുടെ പ്രതിഷേധം RED STONE QUARRY OWNERS PROTEST](https://etvbharatimages.akamaized.net/etvbharat/prod-images/28-09-2024/22557885_quary2.jpg)
മഴു ഉപയോഗിച്ച് വെട്ടിയെടുത്തിരുന്ന കാലം: മുമ്പ് നീളമുള്ള പ്രത്യേകയിനം മഴു ഉപയോഗിച്ച് വെട്ടിയെടുത്തിരുന്ന ചെങ്കല്ല് ഇപ്പോള്‍ യന്ത്രം ഉപയോഗിച്ചാണ് വെട്ടിയെടുക്കുന്നത്. വടക്കന്‍ മലബാറില്‍ വ്യാപകമായി ചെങ്കല്‍ കുന്നുകളുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ബ്ലാത്തൂര്‍, കേളകം, കല്ല്യാട്, ഊരത്തൂര്‍, കുറുമാത്തൂര്‍, ചേപ്പറമ്പ്, സീതാംഗോളി, ബദിയടുക്ക, ബേള, നീര്‍ച്ചാല്‍, മഞ്ചേശ്വരം, മിയാപദവ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് പ്രധാനമായും ചെങ്കല്ല് ഖനനം നടത്തുന്നത്.
![ചെങ്കൽ ക്വാറി QUARRY OWNERS PROTEST IN KASARAGOD ചെങ്കൽ ക്വാറി ഉടമകളുടെ പ്രതിഷേധം RED STONE QUARRY OWNERS PROTEST](https://etvbharatimages.akamaized.net/etvbharat/prod-images/28-09-2024/22557885_quary1.jpg)
ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. വായു സ്‌പര്‍ശനത്തെ തുടര്‍ന്ന് കൂടുതല്‍ ഉറപ്പ് നേടുന്ന ചെങ്കല്ല് അഥവാ ലാറ്ററൈറ്റ് ശിലകള്‍ സിമന്‍റ് ഉപയോഗിച്ച് തേക്കാതിരുന്നാല്‍ പോലും കാലക്രമത്തില്‍ കൂടുതല്‍ ഉറപ്പുള്ളതായി തീരും.
Also Read: ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് വീണ്ടും ക്വാറി പ്രവർത്തിപ്പിക്കാൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ