ഇടുക്കി : ഇടുക്കിയിലെ ചെറുകിട തേയില തോട്ടങ്ങളിൽ റെഡ് സ്പൈഡർ രോഗം പടരുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. ചെടികളിൽ ചുവപ്പ് നിറത്തിലുള്ള രോഗം ബാധിച്ചതോടെ കൊളുന്ത് ഉൽപാദനവും കുറഞ്ഞു. വൻതുക കൊടുത്ത് കീടനാശിനികൾ വാങ്ങാൻ ചെറുകിട കർഷകർക്ക് കഴിയാത്തതിനാൽ ചെടികൾ ഉണങ്ങി നശിക്കുകയാണ്.
പീരുമേട്ടിലെ ചെറുകിട തേയിലത്തോട്ടങ്ങളിൽ റെഡ് സ്പൈഡർ രോഗം പടരുന്നതും തേയില കൊളുന്ത് കരിഞ്ഞുണങ്ങുന്നതും തങ്ങളെ ദുരിതത്തിലാക്കുന്നുവെന്ന് കർഷകർ പറയുന്നു. കാലവർഷം നേരത്തെ പിൻ വാങ്ങിയതോടെ തേയിലത്തോട്ടങ്ങളിൽ റെഡ് സ്പൈഡർ എന്ന ചുവന്ന ചിലന്തിയുടെ രോഗമാണ് വ്യാപകമായിട്ടുള്ളത്.
അതിസൂക്ഷ്‌മമായ ചുവന്ന നിറത്തിലുള്ള കീടങ്ങൾ ചെടിയുടെ ജലാംശം ഊറ്റിക്കുടിച്ച് നശിപ്പിക്കുകയാണ് പതിവ്. രോഗം പടർന്നതോടെ പീരുമേട് താലൂക്കിൽ തേയില ഉൽപാദനം ഗണ്യമായി കുറഞ്ഞു.ചൂട് കൂടിയതോടെ ഇടുക്കിയിലെ വിവിധ പ്രദേശങ്ങളിൽ തേയിലക്കൊളുന്ത് കരിഞ്ഞുണങ്ങാനും തുടങ്ങി. മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും ഉൽപാദനം കുറഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തേയിലത്തോട്ടങ്ങളിൽ പൂപ്പൽ ബാധയും രൂക്ഷമാണ്.
തോട്ടമുടമകളും ചെറുകിട തേയില കർഷകരും പ്രതിരോധ നടപടികൾ സ്വീകരിച്ചു തുടങ്ങി. കയ്യോലിൻ എന്ന വെളുത്ത പൊടി തളിക്കുകയാണ് കൊളുന്ത് കരിയലിന് ഏക പ്രതിരോധമാർഗം. കയ്യോലിൻ പൊടി കൊളുന്ത് ഇലകളിൽ തളിക്കുന്നതോടെ വെയിലിന്‍റെ കാഠിന്യത്തിൽനിന്ന് ചെടികൾക്ക് രക്ഷനേടാൻ സാധിക്കും. എന്നാൽ വൻകിട തോട്ടങ്ങളിൽ മാത്രമേ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയൂ. വൻതുക മുടക്കാവുമെന്നതിനാൽ ചെറുകിട കർഷകർക്ക് രോഗബാധയാൽ ചെടികൾ നശിക്കുന്നത് നോക്കി നിൽക്കാൻ മാത്രമാണ് കഴിയുക.
Also Read : നേന്ത്രവാഴ തോട്ടത്തില്‍ പൈനാപ്പിൾ മീലിമൂട്ടയുടെ ആക്രമണം; കർഷകർ പ്രതിസന്ധിയിൽ