തിരുവനന്തപുരം: മന്ത്രി വീണാ ജോർജിൻ്റെ ഓഫിസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ലെനിൻ രാജിന് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജഡ്‌ജി പി വി ബാലകൃഷ്‌ണൻ്റേതാണ് ഉത്തരവ്.
ഉപാധികൾ:
- ഒരു ലക്ഷം രൂപയുടെ രണ്ട് ജാമ്യക്കാർ
- പാസ്പോർട്ട് ഉണ്ടെങ്കിൽ അത് ഹാജരാക്കണം
- അന്വേഷണ ഉദ്ദോഗസ്ഥൻ്റെ മുൻപിൽ എല്ലാ വ്യാഴവും രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്ക് കുറ്റപത്രം സമർപ്പിക്കുന്നതുവരെ പോകണം
- പരാതിക്കാരി താമസിക്കുന്ന പൊലീസ് സ്‌റ്റേഷൻ പരിധിയില്‍ പ്രവേശിക്കാൻ പാടില്ല
- സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല
ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫീസറായി ഹോമിയോ വിഭാഗത്തിൽ നിയമനം വാഗ്‌ദാനം ചെയ്‌ത് പണം വാങ്ങിയെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്‌റ്റ് ചെയ്‌ത മൂന്ന് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.
സംഭവം ഇങ്ങനെ: ആയുഷ്‌മാന്‍ കേരള പദ്ധതിയില്‍ ഡോക്‌ടറായി മരുമകള്‍ക്ക് നിയമനം നല്‍കാമെന്ന് പറഞ്ഞ് പത്തനംതിട്ടയിലെ മുന്‍ സിഐടിയു ജില്ല ഓഫിസ് സെക്രട്ടറിയായ അഖില്‍ സജീവും മന്ത്രിയുടെ പേഴ്‌സണല്‍ സ്‌റ്റാഫ് അംഗം അഖില്‍ മാത്യുവും ചേര്‍ന്ന് പല തവണയായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് മലപ്പുറം സ്വദേശി ഹരിദാസന്‍ കുമ്മാളിയാണ് ആരോപണം ഉന്നയിച്ചത്.
മെഡിക്കല്‍ ഓഫിസര്‍ നിയമനം തരപ്പെടുത്തി നല്‍കാമെന്ന് മകന്‍റെ ഭാര്യയ്‌ക്ക് വാഗ്‌ദാനം ചെയ്‌താണ് പണം വാങ്ങിയതെന്നും ആരോപിച്ചിരുന്നു. അഖില്‍ മാത്യു തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫിസ് പരിസരത്ത് നിന്ന് നേരിട്ട് ഒരുലക്ഷം രൂപയും പത്തനംതിട്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ അഖില്‍ സജീവ് 25,000 രൂപ ഗൂഗിള്‍ പേ വഴിയും 50,000 രൂപ നേരിട്ടും വാങ്ങിയെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ അഖില്‍ മാത്യുവിന്‍റെ പേരില്‍ ആള്‍മാറാട്ടമാണ് നടന്നതെന്ന കണ്ടെത്തലിലാണ് പൊലീസ്.
Also Read: അഖില്‍ സജീവ് സ്ഥിരം തട്ടിപ്പുകാരൻ, പാര്‍ട്ടി പരാതിയിലും കുടുങ്ങിയില്ല