തിരുവനന്തപുരം : ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിന് പിന്നാലെ തോട്ടിലേക്കു മാലിന്യം തള്ളുന്നവര്‍ക്കെതിരെ നഗരസഭ കര്‍ശന നടപടി എടുക്കുമെന്ന് പ്രഖ്യാപിച്ചതിന് എന്ത് ഫലമുണ്ടായി?. ഇങ്ങനെയാരന്വേഷണത്തിന്‍റെ ഭാഗമായി ഞങ്ങള്‍ എത്തിച്ചേര്‍ന്നത് ആമയിഴഞ്ചാന്‍ തോട്ടിനു സമീപത്തുള്ള തിരുവനന്തപുരം മുറിഞ്ഞപാലത്തെ വാട്ടര്‍ അതോറിട്ടിയുടെ സീവേജ് പമ്പ് ഹൗസിലേക്കാണ്.
നഗരത്തിലെ ശുചിമുറി മാലിന്യം വീടുകളില്‍ നിന്ന് നേരെ ഒഴുകിയെത്തുന്ന ഇടങ്ങളിലൊന്നാണിത്. ഇവിടെ നിന്നാണ് മാലിന്യം പമ്പ് ചെയ്‌ത് മുട്ടത്തറ സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിലേക്കു വിടുന്നത്. സ്വീവേജ് പൈപ്പു ലൈനിലേക്ക് നഗരവാസികള്‍ മഴ വെള്ളം കൂടി ഒഴുക്കാന്‍ തുടങ്ങുന്നതോടെ പമ്പ് ഹൗസുകളിലേക്ക് മഴവെള്ളം ഇരച്ചെത്തും. ഇത് വെറും മഴവെള്ളമാണെന്നു കരുതരുത്.
വെള്ളത്തോടൊപ്പം മനുഷ്യ വിസര്‍ജ്യം കൂടിയാണ് ആയിഴഞ്ചാന്‍ തോട്ടിലേക്കൊഴുകുന്നത്. ആമയിഴഞ്ചാന്‍ തോടിന്‍റെ കരയിലുള്ള 9 ഓളം പമ്പുഹൗസുകളില്‍ നിന്നുമുള്ള അവസ്ഥ ഇതു തന്നെയാണ്. വൈദ്യുതിയില്ലാത്തപ്പോള്‍ പമ്പ് ഹൗസിലെത്തുന്ന സെപ്‌റ്റെജ് മാലിന്യം തിരികെ വീടുകളിലേക്ക് പോകാതിരിക്കാന്‍ സ്ഥാപിച്ച പൈപ്പുകള്‍ ഇന്ന് സദാ തൊട്ടിലേക്ക് മനുഷ്യ വിസര്‍ജ്യം തള്ളുന്നു. തിരുവനന്തപുരം നഗരത്തില്‍ പ്ലാമൂട്, മുറിഞ്ഞപാലം, കണ്ണന്മൂല, പാറ്റൂര്‍, കല്ലടിമുഖം, കുര്യാത്തി, ഈഞ്ചയ്ക്കല്‍, ആറന്നൂര്‍, തളിയല്‍, മുടവന്‍മുഗള്‍ എന്നിവിടങ്ങളിലാണ് സീവേജ് പമ്പ് ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നത്.
എല്ലാം ജലാശയങ്ങളുടെ കരയില്‍. പമ്പ് ഹൗസുകളില്‍ നിന്നും മുട്ടത്തറയിലെ പ്ലാന്‍റിലേക്ക് ഒരു ദിവസം പമ്പ് ചെയ്യുന്നത് 5.5 കോടി ലിറ്റര്‍ സെപ്‌റ്റേജ് മാലിന്യമാണ്. എന്നാല്‍ മഴ പെയ്യുന്നതോടെ ഇതു 10.5 കോടി ലിറ്ററായി വര്‍ധിക്കുന്നുവെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തുന്നു.
തോട്ടില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ ഇന്ന് നഗരത്തില്‍ സജീവമാണ്. എന്നാല്‍ പതിറ്റാണ്ടുകളായി നഗരത്തിലെ ജലാശയങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഈ പ്രാകൃത രീതി മാലിന്യ നിര്‍മാര്‍ജനത്തിന്‍റെ എല്ലാ സംവിധാനങ്ങളെയും പരസ്യമായി വെല്ലുവിളിച്ച് സജീവമായി തുടരുന്നു.