കോഴിക്കോട്: കുടിശ്ശിക അനുവദിക്കാത്തതിന് എതിരെ പ്രതിഷേധവുമായി റേഷൻ വ്യാപാരികൾ വീണ്ടും രംഗത്ത്. രണ്ടുമാസത്തെ കുടിശ്ശികയായി 58 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ റേഷൻ വ്യാപാരികൾക്ക് ജൂലൈ മാസത്തെ കമ്മീഷൻ പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
14 കോടി കിട്ടിയിട്ടുണ്ടെന്ന് ഭക്ഷ്യവകുപ്പ് റേഷൻ വ്യാപാരി സംഘടനകളെ അറിയിച്ചിട്ടുണ്ട്. എന്നാൽ അത് കൈമാറണമെങ്കിൽ ധനവകുപ്പിൻ്റെ ക്ലിയറൻസ് വേണം എന്നാണ് ധനവകുപ്പ് അറിയിക്കുന്നത്. റേഷൻ വ്യാപാരികളുടെ കമ്മീഷൻ അതത് മാസങ്ങളിൽ തന്നെ ലഭ്യമാക്കാനുള്ള നടപടിയാണ് സംസ്ഥാനത്ത് ഉണ്ടാവേണ്ടത്.
നേരത്തെ നൽകിയ കിറ്റുകളുടെ കമ്മീഷൻ ഹൈക്കോടതിയുടെ കർശന അന്ത്യശാസനം ഉണ്ടായിട്ടും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വ്യാപാരികൾ പറയുന്നു. എല്ലാ വിഭാഗത്തിനും ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിക്കുമ്പോഴും റേഷൻ വ്യാപാരികളെ അവഗണിക്കുന്ന നടപടിയാണ് സംസ്ഥാനത്ത് ഉണ്ടാവുന്നത്.
നേരത്തെ റേഷൻ വ്യാപാരികൾ നേരിടുന്ന അവഗണനക്കെതിരെ പ്രഖ്യാപിച്ച സമരം വയനാട് ദുരന്ത പശ്ചാത്തലത്തിലാണ് മാറ്റിവെച്ചത്. എന്നാൽ ഒക്ടോബർ മാസം മുതൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോകുമെന്ന് റേഷൻ വ്യാപാരി സംഘടന പ്രതിനിധികൾ അറിയിച്ചു.