തിരുവനന്തപുരം : മഞ്ഞ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്‌റ്ററിംഗ് രണ്ടാം ദിനവും മുടങ്ങി. സെര്‍വര്‍ പണിമുടക്കിയതിനെ തുടര്‍ന്നാണ് മസ്‌റ്ററിംഗ് രണ്ടാം ദിനവും മുടങ്ങിയതെന്നാണ് ഭക്ഷ്യ വകുപ്പിന്‍റെ വിശദീകരണം. ഇന്നലെയും ജനങ്ങളെ വലച്ച് സെര്‍വര്‍ തകരാര്‍ മൂലം റേഷന്‍ കാര്‍ഡ് മസ്‌റ്ററിംഗ് തടസപ്പെട്ടിരുന്നു .( Ration Card Mustering).
മുന്‍ഗണന കാര്‍ഡായ മഞ്ഞ കാര്‍ഡുകാര്‍ക്കാണ് ഇന്നും മസ്‌റ്ററിംഗ്. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്താനായി ആരംഭിച്ച മസ്‌റ്ററിംഗ് നടപടികള്‍ സാങ്കേതിക തകരാര്‍ മൂലം ജനങ്ങളെ വലയ്ക്കുകയാണ്. മഞ്ഞ കാര്‍ഡുകാരുടെ മസ്‌റ്ററിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മറ്റ് കാര്‍ഡുകാരുടെ മസ്‌റ്ററിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടത്. മസ്‌റ്ററിഗിനായി സംസ്ഥാനത്ത് മൂന്ന് ദിവസം റേഷന്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
വിവിധ സര്‍ക്കാര്‍ പെന്‍ഷനുകളുടെ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ വാങ്ങാനും റേഷന്‍ കാര്‍ഡുകളില്‍ നിന്നും മരണപ്പെട്ടവരുടെ പേരുകള്‍ മാറ്റാനുമായിട്ടാണ് മസ്‌റ്ററിംഗ് നടത്തുന്നത്. റേഷന്‍ വിതരണം മസ്‌റ്ററിംഗ് കാരണം കൂടുതല്‍ സമയം തടസപ്പെട്ടാല്‍ ഏപ്രില്‍ മാസത്തില്‍ കൂടുതല്‍ ദിവസങ്ങള്‍ റേഷന്‍ വിതരണത്തിനായി അനുവദിക്കാമെന്നായിരുന്നു ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ ഇന്നലെ അറിയിച്ചത്.
മസ്‌റ്ററിംഗ് മാര്‍ച്ച് മാസത്തില്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശത്തെയും മന്ത്രി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. മസ്‌റ്ററിംഗ് തടസപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ സംസ്ഥാനത്തെ വിവിധ റേഷന്‍ കടകളില്‍ തിരക്ക് അനുഭവപ്പെട്ടത് പരാതിക്ക് കാരണമായിരുന്നു. ഇന്നലെ നേരിട്ട തടസത്തിന്‍റെ പേരിൽ വലിയ തർക്കങ്ങളാണ് റേഷൻ കടകൾക്ക് മുന്നിൽ ഉണ്ടായത്.
സെർവറുകൾക്ക് തകരാറുകൾ വരുന്നത് മൂലമാണ് മസ്‌റ്ററിംഗ് സുഗമമായി നടത്താൻ കഴിയാത്തത് എന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്. സംസ്ഥാനത്തെ മിക്ക റേഷൻകടകളിലും തിരക്ക് കണക്കിലെടുത്ത് റേഷൻ വ്യാപാരികൾ ജനങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. പരീക്ഷയ്ക്ക് പോകേണ്ട വിദ്യാർഥികൾ ഉൾപ്പെടെ രാവിലെ എത്തിയിട്ടും മസ്‌റ്റംഗ് ചെയ്യാൻ പറ്റാതായതോടെ വലിയ പ്രയാസമുണ്ടാക്കി. പലരും അതിരാവിലെ തന്നെ റേഷൻ കടകൾക്ക് മുന്നിൽ എത്തിയത് ജോലിയടക്കം മാറ്റിവച്ചാണ്.