കോഴിക്കോട് : സംസ്ഥാനത്തെ റേഷൻ വിതരണം സ്‌തംഭനാവസ്ഥയിലേക്ക്. റേഷൻ സാധനങ്ങൾ എത്തിക്കുന്ന ലോറി ഉടമകളും കരാർ തൊഴിലാളികളും സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. കരാറുകാർക്ക് 83 കോടിയിലധികം രൂപയാണ് സർക്കാർ നൽകാനുള്ളത്.
കുടിശ്ശിക ലഭിച്ചാൽ മാത്രമേ സമരത്തിൽ നിന്ന് പിന്മാറുകയുള്ളൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കരാറുകാർ. കഴിഞ്ഞ ഒരാഴ്‌ചയായി കരാറുകാർ നടത്തി വരുന്ന സമരത്തിൻ്റെ ഭാഗമായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിലെ പതിനായിരത്തോളം വരുന്ന കടകളിൽ പലതിലും റേഷൻ വിതരണം താളം തെറ്റി. സമരം രണ്ടുദിവസം കൂടി നീണ്ടുനിൽക്കുകയാണെങ്കിൽ സംസ്ഥാനത്തെ റേഷൻ വിതരണം പൂർണമായും നിലയ്‌ക്കും.
കാലവർഷം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിച്ച് മുടങ്ങിയ റേഷൻ വിതരണം പുനഃരാരംഭിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി പവിത്രൻ ആവശ്യപ്പെട്ടു.
ALSO READ: 'വലിഞ്ഞുകേറി വന്നതല്ല' ; സിപിഎം മുന്നണി മര്യാദ കാണിക്കുന്നില്ലെന്ന് എംവി ശ്രേയാംസ് കുമാർ