തിരുവനന്തപുരം : ഇ പോസ് തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി. കടകളിൽ മസ്റ്ററിങ് നടക്കുന്നതിനാൽ റേഷൻ വിതരണ സമയത്തിൽ മാറ്റം കൊണ്ടുവന്നിരുന്നു. എന്നാൽ ഇ പോസ് സംവിധാനം തകരാറിലായതിനാൽ സമയമാറ്റം കൊണ്ടും ഫലമുണ്ടായില്ല.
രാവിലെ 8 മുതൽ 1 വരെ 7 ജില്ലകളിലും ബാക്കി 7 ജില്ലകളിൽ ഉച്ചയ്ക്ക് 2 മണി മുതലുമായിരുന്നു റേഷൻ വിതരണത്തിനായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഇ പോസ് സംവിധാനം തകർന്നതിനാൽ രാവിലെ തന്നെ റേഷൻ വിതരണം നിലച്ചു. ശനിയാഴ്‌ച വരെയാണ് പുതുക്കിയ സമയ ക്രമത്തിൽ റേഷൻ ലഭിക്കുക.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും റേഷൻ വിതരണമുണ്ടാകും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാകും റേഷൻ വിതരണം നടക്കുക.
റേഷൻ വിതരണ സോഫ്റ്റ്‌വെയറിൽ മസ്റ്ററിങ് നടക്കുന്നതിനാൽ സെർവറിൽ തിരക്ക് അനുഭവപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് റേഷൻ വിതരണത്തിനുള്ള സമയക്രമം മാറ്റിയത്. ശനിയാഴ്‌ചയ്ക്ക് ശേഷം റേഷൻ വിതരണം പഴയ നിലയിലേക്ക് മാറുമെന്നും ഭക്ഷ്യ വിതരണ വകുപ്പ് അറിയിച്ചു.