എറണാകുളം: സംവിധായകൻ ഒമർ ലുലുവിനെതിരെ ലൈംഗിക പീഡന കേസ്. യുവനടിയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് നിരവധി തവണ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതിയില്‍ ആരോപിക്കുന്നത്.
കേസ് രജിസ്‌റ്റർ ചെയ്‌ത നെടുമ്പാശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാല് മാസത്തോളമാണ് നടി പീഡനത്തിനിരയായത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കൊച്ചി സിറ്റി പൊലീസിന് നൽകിയ നടിയുടെ പരാതി പിന്നീട് നെടുമ്പാശേരി പൊലീസിന് കൈമാറുകയായിരുന്നു.
അതേസമയം നടിയുടെ പരാതിയ്‌ക്കെതിരെ ഒമർ ലുലു രംഗത്തെത്തി. വ്യക്തിവൈരാഗ്യം മൂലമാണ് പരാതിയെന്നാണ് ഒമർ ലുലുവിൻ്റെ പ്രതികരണം. റഹ്മാനെ നായകനാക്കി ‘ബാഡ് ബോയ്‌സ്’ എന്ന സിനിമയുടെ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ഒമർ ലുലു. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.