തിരുവനന്തപുരം, കോഴിക്കോട്: ഇന്ത്യന്‍ മാധ്യമ മേഖലയില്‍ നൂതന ആശയങ്ങള്‍ക്ക് തുടക്കമിട്ട റാമോജി ഗ്രൂപ്പ് ചെയര്‍മാന്‍ റാമോജി റാവുവിന്‍റെ ദീപ്‌തമായ സ്‌മരണകളില്‍ നിറഞ്ഞ് ഇടിവി ഭാരതിന്‍റെ തിരുവനന്തപുരം, കോഴിക്കോട് ബ്യൂറോകള്‍. റാമോജി റാവുവിന്‍റെ പതിമൂന്നാം ചരമ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ബ്യൂറോയില്‍ സംഘടിപ്പിച്ച അനുസ്‌മരണ ചടങ്ങുകള്‍ക്ക് ബ്യൂറോ ചീഫ് ബിജു ഗോപിനാഥ് നേതൃത്വം നല്‍കി.
സാധാരണ നിലയില്‍ നിന്ന് കഠിന പ്രയത്നത്തിലൂടെ റാമോജി ഗ്രൂപ്പ് എന്ന അതി ബൃഹത്തായ ബിസിനസ് ശൃംഖല കെട്ടിപ്പടുക്കുന്നതിലേക്കെത്തിയ അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘു വീഡിയോ പ്രദര്‍ശനത്തിലൂടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടർന്ന് റാമോജിയുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്‌പാർച്ചന നടത്തി. അതിനുശേഷം അൽപ സമയത്തെ മൗനാചരണത്തിന് ശേഷം അനുസ്‌മരണ ചടങ്ങുകളിലേക്ക് കടന്നു.
തന്‍റെ ജീവിതത്തിന്‍റെ സായന്തനമായെന്ന തിരിച്ചറിവിനിടയിലും നൂതനാശയങ്ങളെ കുറിച്ചു മാത്രമാണ് അദ്ദേഹം ചിന്തിച്ചു കൊണ്ടിരുന്നതെന്നത് സ്വന്തം തൊഴിലിനെ മികച്ചതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള പാഠ പുസ്‌തകമാണെന്ന് യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ അനുസ്‌മരിച്ചു. ജീവിതത്തിന്‍റെ അന്ത്യയാത്രയ്‌ക്ക് തയ്യാറെടുക്കുമ്പോഴും അദ്ദേഹം ചിന്തിച്ചത് തന്‍റെ ജീവനക്കാരെ കുറിച്ചു മാത്രമാണ്. ജീവനക്കാരെ അദ്ദേഹം എത്രമാത്രം ചേര്‍ത്തു പിടിക്കുന്നു എന്നതിനുദാഹരണമാണ് അദ്ദേഹം ജീവനക്കാര്‍ക്കായി തയ്യാറാക്കിയ വില്‍പത്രം.
ഇത്രയധികം ജീവനക്കാരെ കുറിച്ചു മാത്രം അവസാന നിമഷത്തിലും ചിന്തിച്ച അദ്ദേഹത്തിന് തിരിച്ചു നല്‍കാന്‍ കഴിയുന്നത് സ്ഥാപനത്തിന്‍റെ ഉയര്‍ച്ചയ്‌ക്ക് വേണ്ടി കഠിനമായി പരിശ്രമിക്കുക എന്നതാണ്. അദ്ദേഹം ഈ രാജ്യത്തിനും മാധ്യമ മേഖലയ്‌ക്കും ചലചിത്ര മേഖലയ്‌ക്കും നല്‍കിയ സംഭാവനകള്‍ ഈ ലോകമുള്ളിടത്തോളം സ്‌മരിക്കപ്പെടുമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കൊച്ചി റിപ്പോര്‍ട്ടര്‍ പര്‍വീസ് മുഹമ്മദ്, ഇടിവി ബാല്‍ഭാരത് കേരള പ്രതിനിധി അനില്‍, ഉഷ കിരണ്‍ മൂവീസ് കേരള പ്രതിനിധി അലിഫ് ഹുസൈന്‍, ഇടിവി ഭാരതിന്‍റെ വിവിധ ജില്ലകളുടെ പ്രതിനിധികളായ ഏഥന്‍ സെബാസ്റ്റ്യന്‍, സുരേഷ് കെഎസ്, സുനില്‍ എസ്, സുനില്‍ ഗോപിനാഥ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
കോഴിക്കോട് നടന്ന അനുസ്‌മരണ ചടങ്ങിൽ മലബാർ മേഖലയിലെ വാർത്ത പ്രതിനിധികൾ പങ്കെടുത്തു. റിപ്പോർട്ടർമാരായ കെ.ശശീന്ദ്രൻ (കോഴിക്കോട്), ഹേമന്ദ് (കണ്ണൂർ), സന്ദീപ് (കാസർകോട്), രഞ്ജിത്ത് ബാബു (കണ്ണൂർ), മുഹമ്മദ് ഹാഷിം (വയനാട്) തുടങ്ങിയവരും പങ്കെടുത്തു.