കാസർകോട്: വടകരയിൽ കെകെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണത്തിൽ വ്യക്തിഹത്യ ചെയ്യുന്നതിനോട് യോജിപ്പില്ലെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏത് രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയാണെങ്കിലും അത് അംഗീകരിക്കാൻ കഴിയില്ല. നേതാക്കള്‍ക്കെതിരെയുള്ള സൈബര്‍ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും നേരത്തെ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുത്തിയതായും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ വിമർശനം ആകാം, അത് ആരോഗ്യപരമാകണം. ജനാധിപത്യം, മതനിരപേക്ഷത, ഭരണഘടന,വർഗീയ ഫാസിസ്റ്റ് പോരാട്ടം. ഇതിനാണ് കോൺഗ്രസ് ഊന്നൽ. അതേസമയം തളങ്കര പള്ളിയിലെ രാജ്മോഹന്‍ ഉണ്ണിത്താന്‍റെ സന്ദര്‍ശത്തെ തെറ്റായി പ്രചരിപ്പിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
യുഡിഎഫിനെ അപകീർത്തിപ്പെടാൻ സിപിഎം വീഡിയോ പ്രചരിപ്പിക്കുകയാണ്. സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുന്ന പ്രവർത്തിയാണിത്. മതേതരത്വം തകർത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും. സിപിഎം ബിജെപി അന്തർധാര സജീവമാണ്. അവർ രാഹുൽ ഗാന്ധിയെ മാത്രമാണ് വിമർശിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ യുഡിഎഫ് 20 ല്‍ 20 സീറ്റും നേടുമെന്നും, ഇന്ത്യ മുന്നണി അധികാരത്തില്‍ വരുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ ജനസഭയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.