തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധങ്ങളെ യോഗി ആദിത്യനാഥ് പോലും ചെയ്യാത്ത രീതിയില്‍ അടിച്ചമര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്നത് വോട്ടു തട്ടാനാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി നിയമത്തിനെതിരായി 2019 ല്‍ നടത്താന്‍ നിശ്ചയിച്ച സംയുക്ത പ്രക്ഷോഭത്തെ പിന്നില്‍ നിന്നു കുത്തിയത് മുഖ്യമന്ത്രിയാണ്. നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന താനായിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് പാളയം രക്ത സാക്ഷിമണ്ഡപത്തില്‍ എല്‍ഡിഎഫും യുഡിഎഫും സിഎഎയ്‌ക്കെതിരെ സംയുക്ത പ്രക്ഷോഭം നടത്തിയത്. നിയമസഭയില്‍ യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്ന് ഐകകണ്‌ഠേന പ്രമേയം പാസാക്കിയതും ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണം സംസ്ഥാനത്താകമാനം നടന്ന പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയായിരുന്നു.
കോഴിക്കോട് സമരത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് ഉള്‍പ്പെടെ നിരവവധി പേരുടെ പേരില്‍ അന്യായമായ വകുപ്പുകള്‍ ചേര്‍ത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇത്തരത്തില്‍ സംസ്ഥാനത്തുടനീളം നിരവധിപേര്‍ക്കെതിരായാണ് കടുത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരെ തടങ്കലിലാക്കാന്‍ കേന്ദ്ര നിര്‍ദേശ പ്രകാരം ഏറ്റവും വലിയ കരുതല്‍ തടങ്കല്‍ പണിതതും പിണറായി വിജയനാണ്.
ഇതിനെല്ലാം നേതൃത്വം നല്‍കിയ പിണറായി വിജയനാണ് ഇപ്പോള്‍ മൂന്ന് മാസത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ വന്ന് മുതലക്കണ്ണീരൊഴുക്കുന്നത്. ഒരേസമയം സിഎഎയെ എതിര്‍ക്കുകയും എതിര്‍ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയുമാണ് ചെയ്‌തത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് അല്‍പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രക്ഷോഭത്തിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുകയാണ് വേണ്ടത്.
ബിജെപിയെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് കേസുകള്‍ പിന്‍ വലിക്കാന്‍ മുഖ്യമന്ത്രി ഇപ്പോഴും തയ്യാറാകാത്തത്. നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ പ്രമേയത്തിനെതിരെ അന്ന് രംഗത്തുവന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനായിരുന്നു. ഈ ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും അതിന് മുഖ്യമന്ത്രി തയ്യാറായില്ല.
കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഈ ഗവര്‍ണര്‍ക്കെതിരെ ഒരക്ഷരം പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. എന്നാല്‍, അതിലും വലിയ ആവേശമാണ് മുഖ്യമന്ത്രി മുന്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിക്കാന്‍ കാട്ടിയത്. സിഎഎ വിഷയത്തില്‍ രാഹുല്‍ഗാന്ധി ഒരക്ഷരം മിണ്ടിയില്ലെന്ന അദ്ദേഹത്തിന്‍റെ പരാമര്‍ശം ഒരു മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേര്‍ന്നതല്ല.
ഇപ്പോള്‍ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലുടനീളം രാഹുല്‍ഗാന്ധി ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രിക്ക് മനസിലാകാത്തത് അദ്ദേഹത്തിന് ഹിന്ദിയും ഇംഗ്ലീഷും അറിയാത്തതിനാലാണ്. രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കിയാല്‍ അദ്ദേഹത്തിന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും സിഎഎക്കെതിരെ നടത്തിയ വിമര്‍ശനമെന്താണെന്ന് മനസിലാകും. രാഹുല്‍ ഗാന്ധി എക്‌സില്‍ മാത്രമാണ് വിമര്‍ശനം ഉന്നയിച്ചതെന്ന് കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിക്ക് എക്‌സ് എന്താണെന്നറിയില്ലെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
അതേസമയം, എല്‍ഡിഎഫ് കണ്‍വീനര്‍ ബിജെപിക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ അഞ്ച് സ്ഥാനാര്‍ഥികള്‍ മികച്ചതാണെന്നാണ് ഇപി ജയരാജൻ പറയുന്നത്. കെ സുരേന്ദ്രന് പോലും ഈ അഭിപ്രായമില്ല.
ഇപി ജയരാജന്‍റെ വൈദേഹം റിസോർട്ട് ഏറ്റെടുത്തിരിക്കുന്നത് രാജീവ് ചന്ദ്രശേഖരൻ്റെ നിരാമയ റിട്രീറ്റാണ്. രാജീവ് ചന്ദ്രശേഖരനുമായി ബിസിനസ് ബന്ധമുള്ള ജയരാജൻ അദ്ദേഹം മികച്ചതാണെന്ന് പറയാനാണ് മറ്റുള്ളവരെയും കൂട്ടുപിടിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് കേരളത്തില്‍ നിന്നും ഒരു സീറ്റും ലഭിക്കില്ല.
ബിജെപി എല്‍ഡിഎഫ് രഹസ്യ ബന്ധം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ആരംഭിച്ച രഹസ്യ ബാന്ധവം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Also Read : ആവര്‍ത്തിച്ച് പിണറായി; കേന്ദ്രത്തിന്‍റെ സിഎഎ നടപ്പിലാക്കാന്‍ കേരളത്തെ കിട്ടില്ലെന്ന് മുഖ്യമന്ത്രി