തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസിന് മേലുള്ള ഇഡി അന്വേഷണം കോടതിയുടെ പരിഗണനയിലിരിക്കെ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിക്കൂട്ടിലാക്കി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ഇഡി അന്വേഷണത്തെ നേരിടാതെ തോമസ് ഐസക്ക് ഒളിച്ചു കളിക്കുന്നത് മസാല ബോണ്ട് വിഷയത്തില്‍ ചിലതൊക്കെ പുറത്തു വരും എന്നതു കൊണ്ടാണെന്ന് ചെന്നിത്തല ആരോപിച്ചു. മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മുഴുവനും അന്ന് പ്രതിപക്ഷ നേതാവായിരുന്ന താന്‍ ആരോപിച്ച കാര്യങ്ങള്‍ തന്നെയാണ്.
2019 ഏപ്രില്‍ 1നാണ് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ട് ലിസ്റ്റ് ചെയ്‌തത്. 2019 മെയ് 17ന് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സേഞ്ചില്‍ ഇതിന്‍റെ പബ്ലിക് ഇഷ്യൂ ആരംഭിക്കുന്നത്. എന്നാല്‍ പബ്ലിക് ഇഷ്യൂ ആരംഭിക്കുന്ന മെയ് 17 ന് മുമ്പ് മാര്‍ച്ച് 26നും 29നും ഇടയ്‌ക്ക് കനേഡിയന്‍ കമ്പനിയായ സിഡിപിക്യുവുമായി ഇടപാട് നടന്നു കഴിഞ്ഞു.
മാര്‍ച്ച് 29ന് കിഫ്ബിക്ക് പണം ലഭിച്ചു. രഹസ്യമായി കച്ചവടം നടത്തി പണം വാങ്ങിയ ശേഷമാണ് ഇതിന്‍റെ സിസ്റ്റിങും പബ്ലിക് ഇഷ്യൂവും നടന്നത്. മസാല ബോണ്ടുകളെ പബ്ലിക് ഇഷ്യൂവിന് മുമ്പേ പ്രൈവറ്റ് ആയി പ്ലേസ്‌മെന്‍റ് നടത്തിയെന്ന് ചെന്നിത്തല ആരോപിച്ചു. കാനഡയിലെ ക്യൂബിക് പ്രവിശ്യിലുള്ള ഈ കമ്പനിക്ക് എസ്എന്‍സി ലാവ്‌ലിനുമായി ബന്ധമുണ്ട്.
ലാവ്‌ലിന്‍ കമ്പനിയില്‍ സിഡിപിക്യു കമ്പനിക്ക് 20 ശതമാനം ഓഹരി നിക്ഷേപമുണ്ട്. കാനഡയിലെ ഈ കമ്പനിയുമായി പിണറായി വിജയന് ഇത്രയധികം ഇഷ്‌ടം തോന്നാനുള്ള കാരണം എന്താണ്. ഇതിന്‍റെ ഭാഗമായി കമ്പനിയുമായി ബന്ധമുള്ള കാനഡക്കാര്‍ തിരുവനന്തപുരത്ത് വന്നിരുന്നോ എന്നും അവര്‍ അന്നത്തെ ധനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നോ എന്നും അവര്‍ മറ്റ് ആരുമായി താമസിച്ചു, എവിടെയൊക്കെ താമസിച്ചു ഇത്തരം കാര്യങ്ങളെല്ലാം തോമസ് ഐസക്ക് വ്യക്തമാക്കണം.
കനേഡിയന്‍ കമ്പനിയുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം കൊണ്ടല്ലേ തോമസ് ഐസക്ക് പണം വാങ്ങിയതെന്ന് ചെന്നിത്തല ചോദിച്ചു. ആകെ 2150 കോടി രൂപയാണ് മസാല ബോണ്ട് വഴി സിഡിപിക്യു എന്ന കമ്പനി സമാഹരിച്ചത്. ഇതിന് 9.72 ശതമാനമെന്ന കൊള്ളപ്പലിശയാണ്. ഇതിലും കുറഞ്ഞ പലിശക്ക് പണം ലഭ്യമാണെന്നിരിക്കെ ഇത്രയും ഉയര്‍ന്ന പലിശയ്ക്ക് സിഡിപിക്യുവില്‍ നിന്ന് ബോണ്ട് വാങ്ങാനുള്ള കാരണം തോമസ് ഐസക്ക് വ്യക്തമാക്കണം.
മുതലും 1045 കോടി രൂപ പലിശയും ഉള്‍പ്പെടെ 5 വര്‍ഷം കൊണ്ട് 3195 കോടി രൂപയാണ് സിഡിപിക്യുവിന് തിരിച്ചു കൊടുക്കേണ്ടത്. ഇതിന് പുറമെ മറ്റ് ചെലവുകള്‍ക്കായി 2.29 കോടി രൂപയും നല്‍കണം. ഇതിനകം എത്ര കോടി രൂപ ഐഡിപിക്യൂ എന്ന കമ്പനിക്ക് തിരിച്ചു കൊടുത്തു എന്നു വ്യക്തമാക്കണം. സംസ്ഥാനത്തെ വന്‍ പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും തള്ളി വിടുന്നതാണ് ഈ ഇടപാടെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇത്രയും ഉയര്‍ന്ന പലിശയ്ക്ക് വാങ്ങിയ പണം 6.5 ശതമാനം പലിശക്ക് ന്യൂജെന്‍ ബാങ്കുകില്‍ നിക്ഷേപിച്ചു.
കേരളത്തെ വിനാശകരമായ കടക്കെണിയിലെത്തിച്ച ഈ ഇടപാടില്‍ നിന്ന് പിണറായി വിജയനും തോമസ് ഐസക്കിനും മാറി നില്‍ക്കാനാകില്ല. അന്നത്തെ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും എതിര്‍ത്തിട്ടും എന്തിനാണ് തോമസ് ഐസക്ക് ഇതുമായി മുന്നോട്ടു പോയതെന്നത് ദുരൂഹമാണ്. ലാവ്‌ലിന്‍ കേസില്‍ ഏഴാം പ്രതിയായി പിണറായി വിജയന്‍ സുപ്രീംകോടതിക്ക് മുന്നില്‍ നില്‍ക്കുമ്പോഴാണ് എല്‍ഡിപിക്യു മസാല ബോണ്ട് വാങ്ങിയത്. ഇതില്‍ ആര്‍ക്കാണ് ലാഭമെന്നും ചെന്നിത്തല ചോദിച്ചു.
സിഡിപിക്യുവിന് എത്ര ലാഭം കിട്ടിയെന്നു എത്ര കമ്മിഷന്‍ കിട്ടിയെന്നും ഐസക്ക് വ്യക്തമാക്കണം. ഇപ്പോള്‍ അദ്ദേഹം പിടിക്കപ്പെടും എന്നായപ്പോള്‍ മുഖ്യമന്ത്രിയെ കൂടി കൂട്ടുപിടിക്കുന്നു. ഇതില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നാണ് ഐസക്കിനെങ്കില്‍ അതില്‍ തനിക്ക് വിരോധമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.