തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് കൈകാര്യം ചെയ്‌തതില്‍ സര്‍ക്കാരിന് ഗുരുതരമായ വീഴ്‌ച ഉണ്ടായതായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത് മുതല്‍ സര്‍ക്കാര്‍ ഗുരുതരമായ തെറ്റാണ് ചെയ്‌തിട്ടുള്ളത്. ഈ പ്രശ്‌നം ഇത്ര വഷളാക്കിയത് സംസ്ഥാന ഗവണ്‍മെന്‍റാണ്.
ഗവണ്‍മെന്‍റ് ഇക്കാര്യത്തില്‍ ഇടപെടാതെ ആരെയൊക്കെയോ സംരക്ഷിക്കാന്‍ വേണ്ടി റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു. റിപ്പോര്‍ട്ടിന്‍റെ മുഴുവന്‍ ഭാഗങ്ങളും പുറത്തുവിട്ടില്ല. പ്രധാനപ്പെട്ട ഭാഗങ്ങള്‍ പൂഴ്ത്തിവച്ചു.
ഈ റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ തന്നെ നടപടി സ്വീകരിക്കണമായിരുന്നു. ഇവിടെ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് എന്താണ്. എല്ലാവരും സംശയത്തിന്‍റെ നിഴലിലായിരിക്കുന്നു. സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവനാളുകളും തെറ്റുകാരാണെന്ന് നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല.
ചിലയാളുകള്‍ കണ്ടേക്കാം. പക്ഷെ പൊതുവായി നോക്കുമ്പോള്‍ ഇന്ന് സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവനാളുകളും സംശയത്തിന്‍റെ നിഴലില്‍ വന്നിരിക്കുന്ന അവസ്ഥ കേരളത്തിന് ഗുണകരമല്ല. സിനിമ മേഖലക്ക് ഗുണകരമല്ല.
ദേശീയ തലത്തില്‍ റെക്കോഡുകള്‍ സ്ഥാപിച്ച മലയാള സിനിമയ്‌ക്ക് അപമാനമാണ് ഇപ്പോഴത്തെ അവസ്ഥ. കേരളീയര്‍ക്കു തന്നെ അപമാനമാണ്. ഇനിയെങ്കിലും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം, കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ ഇനിയെങ്കിലം ശക്തമായ നടപടികളിലുടെ സിനിമാ രംഗത്തിന്‍റെ അന്തസും പരിശുദ്ധിയും നിലനിര്‍ത്തണം.
ഈ സംഭവ വികാസങ്ങളില്‍ നമ്മുടെ സാംസ്‌കാരിക മന്ത്രിക്ക് യാതെരു നിയന്ത്രണവുമില്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹം രാവിലെ ഒന്ന് പറയുന്നു ഉച്ചക്ക് മറ്റൊന്ന് പറയുന്നു വൈകീട്ട് എല്ലാം മാറ്റി പറയുന്നു. മന്ത്രിമാര്‍ തമ്മില്‍ പരസ്‌പര വിരുദ്ധമായി പറയുന്നു. ഇതൊന്നും കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ്. ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്‌ചയുണ്ടായി ഇനിയെങ്കിലും സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. കുറ്റക്കാരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.