കോട്ടയം: ആകാശപാത പൊളിച്ചു നീക്കാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയ്‌ക്കെതിരെയുള്ള നീക്കം കോട്ടയത്തെ ജനങ്ങളോടുള്ള വെല്ലുവിളിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോട്ടയം നഗരത്തിലെ ആകാശ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് കോട്ടയത്ത് നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
യുഡിഎഫ് എംഎൽഎമാരുടെ മണ്ഡലത്തിലെ പദ്ധതികളോട് സർക്കാരിന് ചിറ്റമ്മനയമാണെന്ന് ചെന്നിത്തല പറഞ്ഞു. ബജറ്റിൽ പണം ഉൾപ്പെടുത്തിയ ആകാശപ്പാത പദ്ധതി പോലും പൊളിച്ചു കളയണമെന്നാണ് മന്ത്രി പറയുന്നത്. ഇത് എങ്ങനെ പൊളിക്കാനാണ്, കോട്ടയത്തെ ജനങ്ങളുടെ അഭിമാന പദ്ധതിയാണ് ഈ ആകാശപാത പദ്ധതി എന്ന് ചെന്നിത്തല ചുണ്ടികാട്ടി. ആകാശപ്പാത പൊളിച്ചു നീക്കണമെന്ന സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറത്തു.
ആകാശപാത പദ്ധതി രാഷ്‌ട്രീയ പ്രേരിതമായി തടസപെടുത്തിയത് കൊണ്ടാണ് കഴിഞ്ഞ 8 വർഷമായി പൂർത്തിയാകാതെ ഇരിക്കുന്നത് എന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. തൃശൂരും കൊല്ലത്തും എൽഡിഎഫ് എംഎൽഎമാരായതിനാൽ അവിടുത്തെ ആകാശപാത പദ്ധതി പണി പൂർത്തിയായി പ്രവർത്തനമാരംഭിച്ചു. ഒന്നര വർഷത്തിനുള്ളിൽ കോട്ടയത്തെ ആകാശപാതയുടെ പണി പൂർത്തിയായില്ലെങ്കിൽ ആണുങ്ങൾ വന്ന് ആകാശപ്പാത പൂർത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെയാണ് ആകാശപാതയ്ക്ക് താഴെ കോൺഗ്രസ് ഉപവാസ സമരം അനുഷ്‌ഠിക്കുന്നത്. എംഎൽഎമാരായ മാണി സി കാപ്പൻ, മോൻസ് ജോസഫ്, കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്, ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്, വിവിധ കെപിസിസി - ഡിസിസി അംഗങ്ങളും, മഹിള കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഉപവാസ സമരത്തിൽ പങ്കെടുത്തു.
കാൽനട യാത്രക്കാർക്ക് ട്രാഫിക് കുരുക്കില്‍ അകപ്പെടാതെ സഞ്ചരിക്കാൻ ആരംഭിച്ച പദ്ധതിയാണ് ആകാശപ്പാത. 2016 ൽ തറക്കല്ലിട്ട് ഇരുമ്പു ചട്ടക്കൂടു പണിതു. പിന്നെ പണി നിലച്ചു.