തിരുവനന്തപുരം: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉന്നയിച്ച മൃഗബലി ആരോപണത്തെ, പരിഹസിക്കുന്നതിന് പകരം സർക്കാർ അന്വേഷിച്ച് അതില്‍ വസ്‌തുത ഉണ്ടോയെന്നു പരിശോധിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജരാജേശ്വര ക്ഷേത്രത്തിൽ അങ്ങനെ നടക്കില്ലെന്ന് എല്ലാവർക്കും അറിയാം. അവിടെ അല്ലാതെ വേറെ എവിടെയെങ്കിലും അത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം ദേവസ്വം വകുപ്പിനും സർക്കാരിനും ഉണ്ട്. അദ്ദേഹത്തിന് കിട്ടിയ ഒരു വിവരമാണ് പുറത്തുവിട്ടത്. ഡി കെ ശിവകുമാർ പറഞ്ഞ കാര്യം സർക്കാർ അന്വേഷിക്കേണ്ടതാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
മുസ്‌ലിം ലീഗിനെ എസ്‌ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും റാഞ്ചിയെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍റെ പ്രസ്‌താവനയിലും അദ്ദേഹം പ്രതികരിച്ചു. അതൊക്കെ തെറ്റായ പ്രചാരണമാണ്. കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞ പോലെയാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. ലീഗ് യുഡിഎഫിന്‍റെ അഭിവാജ്യ ഘടകമാണ്. ലീഗ് എന്നും മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ്. അവർക്ക് ഒരു തീവ്രവാദ സംഘടനകളുമായി ബന്ധമില്ല. അതിനെയൊക്കെ തള്ളിപ്പറഞ്ഞ ചരിത്രമാണ് ഉള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ നല്ല ആത്മവിശ്വാസമുണ്ട്. ജനങ്ങൾ ഇന്ത്യ മുന്നണിക്ക് അനുകൂലമായി വിധിയെഴുത്ത് നടത്തും. യുഡിഎഫിന് 20 സീറ്റും നേടാൻ കഴിയുന്ന രാഷ്‌ട്രീയ അന്തരീക്ഷമാണ് കേരളത്തിൽ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ഐക്യം ഉണ്ടായിരുന്നു. സിപിഎമ്മും ബിജെപിയും കൂട്ടുകെട്ട് ഉണ്ടാക്കിയാൽ പോലും യുഡിഎഫ് 20 സീറ്റും ഈ തെരഞ്ഞെടുപ്പില്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂരിന്‍റെ പി എ അറസ്‌റ്റിലായ സംഭവത്തിൽ, ശശി തരൂരിന് എന്ത് പങ്കാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന്‍റെ പാർട്ട് ടൈം പിഎ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായി ശിക്ഷിക്കുകയാണ് വേണ്ടത്. എന്നാൽ പിണറായി വിജയൻ നേരിട്ട് ഇതൊക്കെ ചെയ്‌തതാണ്. പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന വ്യക്തിയെ സ്വർണ കള്ളക്കടത്തിന് പൂർണമായും സഹായിച്ചു. ശിവശങ്കറിനെ വെള്ള പൂശിയെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തിലും ചെന്നിത്തല പ്രതികരിച്ചു. ഗാന്ധി നിന്ദയാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. ഗാന്ധിയെ പറ്റി മോദി നടത്തിയ പ്രസ്‌താവന അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഗാന്ധി സിനിമ വന്നതിന് ശേഷമാണോ തലമുറകൾ ഗാന്ധിജിയെ മനസിലാക്കിയത്. പ്രസ്‌താവന പിൻവലിച്ച് മോദി ജനങ്ങളോട് മാപ്പ് പറയണം. ഗോഡ്സെയുടെ പ്രേതം ഇപ്പോഴും മോദിയെ പിടികൂടിയിരിക്കുകയാണ്. ഗോഡ്സെയുടെ പാതയിലൂടെ സഞ്ചരിക്കുന്ന മോദി ഇതല്ല ഇതിനപ്പുറവും പറയും. ഗാന്ധി നിന്ദ അവസാനിപ്പിക്കാൻ ബിജെപി തയ്യാറാകണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ALSO READ: 'മോദി നടത്തിയത് ഗോഡ്‌സെയെക്കാൾ വലിയ ഗാന്ധി വധം'; പ്രചാരണം സമനില തെറ്റിയ നിലയിലെന്ന് എം വി ഗോവിന്ദൻ