രാമായണ മാസാചരണം മതപരമായ ആചരണം എന്നതിലുപരി ഇതിഹാസത്തിൽ ഉൾച്ചേർത്ത കാലാതീതമായ ധാർമ്മികമൂല്യങ്ങളുടെ പ്രതിഫലനത്തിനുള്ള സമയം കൂടിയാണ്. കർക്കടക മാസത്തിലെ ഓരോ ദിവസവും തുഞ്ചത്ത് എഴുത്തച്‌ഛനാൽ രചിക്കപ്പെട്ട അധ്യാത്മ രാമായണത്തിലെ ഓരോ ഭാഗങ്ങളാണ് പാരായണം ചെയ്യുക. ഓരോ ദിവസവും വായിക്കുന്ന ഭാഗങ്ങളില്‍ എന്തൊക്കെയാണ് പറഞ്ഞുവെച്ചിരിക്കുന്നതെന്നും വായിച്ച ഭാഗത്തിന്‍റെ സാരാംശം എന്താണെന്നും അറിയാതെയാണ് പലരും രാമായണം വായിക്കുന്നത്.
ഒന്നാം ദിവസം ബാലകാണ്ഡത്തിന്‍റെ ആരംഭം മുതൽ ഉമാമഹേശ്വര സംവാദം വരെയുള്ള ഭാഗമാണ് വായിക്കുക. നാലാം ദിവസമായ ഇന്ന് ബാലകാണ്ഡത്തിലെ സീതാസ്വയംവരം മുതൽ ഭാർഗവഗർവ്വശമനം വരെയുള്ള ഭാഗങ്ങളാണ് പാരായണം ചെയ്യേണ്ടത്. സീതാ സ്വയംവരം, ഭാർഗവ ദർപ്പ ശമനം എന്നിവയുടെ ഭാഗങ്ങൾ ഭക്തി, വിനയം, ആതിഥ്യ മര്യാദ എന്നിവയെക്കുറിച്ചെല്ലാമുള്ള ആഴത്തിലുള്ള ഉൾക്കാഴ്‌ചകൾ പ്രദാനം ചെയ്യുന്നു.
സീതാ സ്വയംവരം (സീതയുമായുള്ള വിവാഹം)
സീതാ സ്വയംവരത്തിൽ ശ്രീരാമനും സീതയും തമ്മിലുള്ള വിവാഹമാണ് പ്രധാനമായി വിവരിക്കുന്നത്. അഗ്നിയാഗം വിജയകരമായി പൂർത്തിയാക്കാനായതിൽ സന്തുഷ്‌ടനായ വിശ്വാമിത്ര മഹർഷി, രാമനേയും ലക്ഷ്‌മണനേയും തങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനത്തെക്കുറിച്ച് അറിയിക്കുന്നു. ജനക മഹാരാജാവിന്‍റെ മിഥിലാപുരിയിലേക്കാണ് ആ യാത്ര. ഒട്ടും സമയം പാഴാക്കാനില്ലെന്നും ശിവന്‍റെ വില്ല് ദർശിച്ചശേഷം അയോധ്യയിലേക്ക് മടങ്ങാമെന്നും മഹർഷി രാമാ ലക്ഷ്‌മണന്മാരോട് പറയുന്നു.
മിഥിലയിൽ ജനക മഹാരാജാവിന്‍റെ മകളായ സീതയ്ക്ക് അനുയോജ്യനായ വരനെ കണ്ട് പിടിക്കുന്നതിനു ഒരു മത്സരം നടക്കുന്നുണ്ട്. ജനകന്‍റെ കയ്യിലുള്ള ശൈവ ചാപം ആര് കുലക്കുന്നുവോ അവരെ സീതാദേവി വരിക്കും എന്നാണ് നിയമം.
സ്വയംവരത്തിനെത്തിയ വലിയ വലിയ രാജാക്കന്‍മാരെല്ലാം ശ്രമിച്ചിട്ടും വില്ല് കുലക്കാനായില്ല. അത് ഉയർത്താൻ പോലും ആർക്കും കഴിഞ്ഞില്ല. എന്നാൽ ശ്രീരാമൻ ആ വില്ല് ഉയർത്തുകയും കുലയ്ക്കുകയും ചെയ്‌തു. രാമൻ വില്ല് കുലച്ച ശബ്‌ദം ഈരേഴുലോകങ്ങളിലും മാറ്റൊലിക്കൊണ്ടു.
വിവരമറിഞ്ഞ് ദശരഥ രാജൻ പരിവാര സമേതം മിഥിലാപുരിയിൽ എത്തുന്നു. ശ്രീരാമൻ സീതയെ വിവാഹം കഴിക്കുന്നു. ഒപ്പം ജനകന്‍റെ മറ്റ് മൂന്ന് പുത്രിമാരെ ദശരഥന്‍റെ മൂന്ന് പുത്രന്മാർ വിവാഹം കഴിച്ചു. ഊര്‍മിളയെ ലക്ഷ്‌മണനും ശ്രുതകീര്‍ത്തിയെ ഭരതനും മാണ്ഡവിയെ ശത്രുഘ്നനും വിവാഹംചെയ്‌തു. തുടർന്ന് എല്ലാവരോടും യാത്രപറഞ്ഞ് അവര്‍ അയോധ്യയിലേക്ക് തിരിച്ചു.
സീതാ സ്വയംവരത്തിൽ നിന്നുള്ള ധാർമ്മിക പാഠങ്ങൾ:
- ഭക്തിയും കടമയും: ഈ ഭാഗം ഭക്തിയുടെയും കടമയുടെയും പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. വിശ്വാമിത്രന്‍ തന്‍റെ ആചാരങ്ങളോട് പുലർത്തുന്ന സമർപ്പണ മനോഭാവവും, അദ്ദേഹം രാമനും ലക്ഷ്‌മണനുമുള്ള നല്‍കുന്ന മാർഗ്ഗനിർദ്ദേശങ്ങളും ഒരാൾ തന്‍റെ കടമകൾ ഭക്തിയോടെ നിറവേറ്റേണ്ടതിന്‍റെ മൂല്യം കാണിക്കുന്നു.
- വിനയവും ആതിഥ്യമര്യാദയും: മഹർഷിയോടും രാജകുമാരന്മാരോടും ജനക രാജാവ് പ്രകടിപ്പിക്കുന്ന വിനയവും ആതിഥ്യമര്യാദയും സ്വന്തം പദവി പരിഗണിക്കാതെ അതിഥികളെ ബഹുമാനിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതിൻ്റെ പ്രാധാന്യത്തെ വ്യക്തമാക്കുന്നു.
ഭാർഗവ ദർപ്പ ശമനം (പരശുരാമൻ്റെ അഹങ്കാരം ശമിപ്പിക്കൽ)
ശ്രീരാമനും പരശുരാമനും തമ്മിലുള്ള കണ്ടുമുട്ടൽ വിവരിക്കുന്ന "ഭാർഗവ ദർപ്പ ശമനം" ഇന്നത്തെ വായനയിൽ ഉൾക്കൊള്ളുന്നു. രാമനും സീതയും വിവാഹശേഷം അവരുടെ പരിവാരങ്ങൾക്കൊപ്പം അയോധ്യയിലേക്ക് മടങ്ങുമ്പോൾ പരശുരാമനെ കണ്ടുമുട്ടുന്നു, കോപത്തിനും കരുത്തിനും പേരുകേട്ട യോദ്ധാവായ മുനിയാണ് പരശുരാമൻ. താൻ ദശരഥനെ ഏല്‍പിച്ച ശൈവ ശാപം ഒടിച്ചതിന് പകരം ചോദിക്കാനാണ് പരശുരാമൻ എത്തി്യത്. പരശുരാമൻ പറഞ്ഞത്, 'രാമ, നീ ശൈവ ചാപം ഭഞ്ജിച്ചു. ഇപ്പോൾ ഞാൻ തരുന്ന വൈഷ്‌ണവ ചാപം ഒന്ന് കുലക്കൂ. എന്നാൽ ഞാൻ നിന്‍റെ ശക്തി സമ്മതിക്കാം. അല്ലെങ്കിൽ ദ്വന്ദ്വയുദ്ധത്തിന് തയ്യാറാകൂ. ഇതുകേട്ട് ശ്രീരാമൻ പുഞ്ചിരിച്ചുകൊണ്ട് വൈഷ്‌ണവ ചാപം വാങ്ങി നിഷ്‌പ്രയാസം കുലച്ചു. അതിനുശേഷം അസ്‌ത്രത്തിന് ലക്ഷ്യമെന്തെന്ന് പരശുരാമനോട് ആരാഞ്ഞു. താൻ തപസ്സുകൊണ്ട് നേടിയിട്ടുള്ള ഉയർന്ന ലോകങ്ങളാവട്ടെ ലക്ഷ്യം എന്ന് പരശുരാമന്‍ അറിയിച്ചു. പരാജിതനായ പരശുരാമൻ, ശ്രീരാമന്‍ മഹാ വിഷ്‌ണുവിന്‍റെ അവതാരമാണെന്ന് തിരിച്ചറിഞ്ഞ് തന്‍റെ ശക്തി ശ്രീരാമനിലേക്ക് സംക്രമിപ്പിച്ച് തപസ്സിനായി മഹേന്ദ്രപർവതത്തിലേക്ക് പോയി.
ധാർമ്മിക പാഠങ്ങൾ:
- അഹങ്കാരത്തേക്കാൾ വിനയം: പരശുരാമൻ്റെ അഹങ്കാരത്തെ രാമൻ വിനയം കൊണ്ട് കീഴടക്കിയ കഥ അഹങ്കാരത്തേക്കാൾ വിനയത്തിൻ്റെ മേന്മ അടിവരയിടുന്നു.
- ദൈവിക നീതി: മനുഷ്യൻ്റെ അഹന്തയെക്കാൾ ഭഗവാന്‍റെ സങ്കൽപങ്ങളാണ് പ്രധാനമെന്ന് ഇവിടെ വെളിവാകുന്നു. ഏറ്റവും ശക്തരായവർ പോലും ഭഗവാന്‍റെ സങ്കൽപത്തിനുമുന്നിൽ വിനീതമാകുന്നു.
- ശാന്തതയും സംയമനവും: പരശുരാമൻ്റെ വെല്ലുവിളിയോടുള്ള രാമൻ്റെ ശാന്തമായ പ്രതികരണം സംഘർഷ സമയങ്ങളിൽ ശാന്തത പാലിക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തുകാട്ടുന്നു.
രാമായണ മാസാചരണത്തിന്‍റെ അഞ്ചാം ദിവസമായ നാളെ പാരായണം അയോദ്ധ്യാകാണ്ഡത്തിലേക്ക് കടക്കും. അയോദ്ധ്യാകാണ്ഡത്തിന്‍റെ ആരംഭം മുതൽ ശ്രീരാമാഭിഷേകാരംഭം വരെയുള്ള ഭാഗങ്ങളാണ് നാളെ വായിക്കേണ്ടത്.