തിരുവനന്തപുരം: അത്യന്തം ഉദ്വേഗജനകമായ ചര്‍ച്ചകള്‍ക്കൊടുവില്‍ തങ്ങള്‍ക്കര്‍ഹമായ ഏക രാജ്യസഭ സീറ്റ് സിപിഎം കേരള കോണ്‍ഗ്രസ് എമ്മിനു വിട്ടു നല്‍കി. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ രാജ്യസഭയിലേക്ക് മത്സരിക്കും. ഇതോടെ സമീപകാല ചരിത്രത്തിലാദ്യമായി ഇടതു മുന്നണിയ്ക്ക് അര്‍ഹമായ രണ്ടു സീറ്റുകളിലൊന്നില്‍ നിന്ന് സിപിഎം പിന്‍മാറി.
നേരത്തെ ഘടക കക്ഷികളുമായി നടന്ന ഉഭയ കക്ഷി ചര്‍ച്ചയിലും പിന്നീട് നടന്ന എല്‍ഡിഎഫ് യോഗത്തിലും സീറ്റിന്‍മേലുള്ള അവകാശ വാദത്തിനായി സിപിഐയും കേരള കോണ്‍ഗ്രസും ഉറച്ചു നിന്നതോടെ സിപിഎം പ്രതിസന്ധിയിലായി. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ സിപിഐ നേതൃത്വവുമായി രാജ്യസഭ സീറ്റില്‍ കേരള കോണ്‍ഗ്രസിനായി വിട്ടു വീഴ്‌ച ചെയ്യണമെന്നാവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല.
കോട്ടയത്ത് പിജെ ജോസഫുമായി ലോക്‌സഭ സീറ്റില്‍ പരാജയപ്പെടുക കൂടി ചെയ്‌ത സാഹചര്യത്തില്‍ തങ്ങള്‍ക്ക് രാജ്യസഭ പ്രാതിനിധ്യം അഭിമാന പ്രശ്‌നമാണെന്ന് കേരള കോണ്‍ഗ്രസും ഉറച്ചു നിന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ കേരള കോണ്‍ഗ്രസിനെ പിണക്കുന്നത് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് മുതലെടുക്കുന്നതിനിടയാക്കുമെന്ന് സിപിഎം വിലയിരുത്തി.
ഈ ഘട്ടത്തില്‍ ഒരു രാജ്യസഭ എംപി എന്നതിനപ്പുറം മുന്നണിയുടെ കെട്ടുറപ്പിനു പ്രധാന്യം നല്‍കാന്‍ സിപിഎം തന്നെ വിട്ടു വീഴ്‌ചയ്ക്കു തയ്യാറാകുകയായിരുന്നു. മത്രമല്ല, കേരള കോണ്‍ഗ്രസ് ഒഴിഞ്ഞ രാജ്യസഭ സീറ്റ് നിഷേധിക്കുന്നത് അവര്‍ക്ക് മദ്ധ്യ തിരുവിതാകൂറില്‍ തിരിച്ചടി നേരിടുമെന്ന വിലയിരുത്തലുമുണ്ടായി. ഒരു പക്ഷേ മുന്നണി മാറ്റം എന്ന നിലയിലേക്കു കേരള കോണ്‍ഗ്രസ് മുന്നണി വിട്ടു പോകുമോ എന്ന ആശങ്കയും സിപിഎം നേതൃത്വത്തിനുണ്ടായി. മറ്റ് ചില ഔദ്യോഗിക പദവികള്‍ നല്‍കി കേരള കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും പാളിയതോടെ ഒടുവില്‍ സീറ്റ് വിട്ടു നല്‍കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു.
എല്ലാ ഘടക കക്ഷികള്‍ക്കും പരിഗണന നല്‍കുന്ന മുന്നണിയാണ് എല്‍ഡിഎഫ് എന്നും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ എല്‍ഡിഎഫിന് അവകാശപ്പെട്ട രണ്ടു സീറ്റുകള്‍ കേരള കോണ്‍ഗ്രസിനും സിപിഐക്കുമായി നല്‍കുകയായിരുന്നു എന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. അതേസമയം മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്ത തങ്ങള്‍ക്ക് രാജ്യസഭ സീറ്റ് ലഭിക്കണമെന്ന ആര്‍ജെഡിയുടെ ആവശ്യം സിപിഎം നേതൃത്വം അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ ആര്‍ജെഡി നേതൃത്വത്തിന് കടുത്ത അമര്‍ഷമുള്ളതായാണ് വിവരം.
ജോസ് കെ മാണി, എളമരം കരിം, ബിനോയ് വിശ്വം എന്നിവരുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് രാജ്യസഭയിലേക്ക് മൂന്നു ഒഴിവുകള്‍ ഉണ്ടായത്. നിയമസഭയിലെ അംഗബലം അനുസരിച്ച് എല്‍ഡിഎഫിന് രണ്ടും യുഡിഎഫിന് ഒരു സീറ്റും ലഭിക്കുന്നതിനാണ് അര്‍ഹയുള്ളത്. യുഡിഎഫിന് അര്‍ഹമായ ഒരു സീറ്റിലേക്ക് സുപ്രീംകോടതിയിലെ അഭിഭാഷകനായ ഹാരീസ് ബീരാനെ മുസ്ലീം ലീഗ് പ്രഖ്യാപിച്ചു.
Also Read: രാജ്യസഭ സീറ്റില്‍ വിട്ടുവീഴ്‌ചയില്ല; സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം