തിരുവനന്തപുരം : എൽഡിഎഫ് കൺവീനർ ഇ പി ജയരാജനുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ആരോപണം തള്ളി കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ജയരാജനുമായി ബിസിനസ് ഡീല്‍ ഇല്ല. താൻ രാഷ്ട്രീയത്തിൽ 18 കൊല്ലമായി ഉള്ളയാളാണ്. ഇത്തരത്തിൽ മടിയന്മാരായ രാഷ്ട്രീയ നേതാക്കളെ കുറേ കണ്ടിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തനിക്ക് ആരോപണങ്ങള്‍ക്ക് പിന്നാലെ പോകാൻ സമയം ഇല്ല. വെറെ പണിയുണ്ടെന്നും നുണക്കും അര്‍ധ സത്യങ്ങള്‍ക്കും പിന്നാലെ പോകാനില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ ഇവർ കോടതിയിൽ പോകട്ടെ. പുകമറ ഉണ്ടാക്കാൻ മാത്രമാണ് ഇവർക്ക് അറിയുന്നത്. നല്ല ആളുകള്‍ മുഴുവൻ കോണ്‍ഗ്രസ് വിട്ട് പോകുന്നത് അതുകൊണ്ടാണ്. വി ഡി സതീശൻ ഉന്നയിച്ച ആരോപണങ്ങളിൽ താൻ നിയമ നടപടിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
അതേസമയം എൽഡിഎഫിനേയും യുഡിഎഫിനേയും അദ്ദേഹം കടന്നാക്രമിച്ചു. ഒരു മത സമൂഹത്തെ പേടിപ്പെടുത്താൻ രണ്ടു മുന്നണികളും ശ്രമിക്കുകയാണ്. ഒരു മത സമൂഹത്തിന്‍റെ വോട്ട് നേടാനുള്ള തെരഞ്ഞെടുപ്പ് അല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫും എല്‍ഡിഎഫും സിഎഎയിൽ നുണ പറയുകയാണ്. മൂന്ന് പാര്‍ട്ടികളും വികസനത്തില്‍ എന്ത് ചെയ്‌തു എന്നാണ് പരിശോധിക്കേണ്ടത്. പച്ചക്കള്ളമാണ് ശശി തരൂർ പറയുന്നത്. വിശ്വപൗരൻ എന്ന് പറയുന്ന എംപി വരെ ആളുകളെ പേടിപ്പിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. എംപിയായാല്‍ എയിംസ് കൊണ്ടുവരുമെന്നും, തിരുവനന്തപുരം നഗരത്തിന്‍റെ വികസനത്തിനായി മാര്‍ഗ രേഖ ഉടൻ ഇറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.