തിരുവനന്തപുരം: അധികാര കേന്ദ്രങ്ങളില്‍ നിന്ന് വിടപറയുന്നുവെന്ന് വ്യക്തമാക്കി രാജീവ് ചന്ദ്രശേഖര്‍. പതിനെട്ട് വര്‍ഷമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നു. ഇനി സാധാരണ പ്രവര്‍ത്തകനായി തുടര്‍ന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. അതേസമയം താന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന തരത്തില്‍ ആളുകള്‍ തന്‍റെ ട്വീറ്റിനെ വ്യാഖ്യാനിച്ചതിനാല്‍ അതില്‍ ഒരു വിശദീകരണവുമായി പിന്നീട് മറ്റൊരു ട്വീറ്റ് കൂടി അദ്ദേഹം പങ്കുച്ചു.
എംപി, മന്ത്രി എന്നതരത്തിലുള്ള പതിനെട്ട് വര്‍ഷത്തെ തന്‍റെ സേവനം അവസാനിപ്പിക്കുന്നുവെന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം സര്‍ക്കാരില്‍ മന്ത്രിയായി പ്രവര്‍ത്തിക്കാനായത് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം കുറിച്ചു. ജനവിധി തേടിയിട്ട് തനിക്ക് ജയിക്കാനായില്ല. അത് കൊണ്ട് മാറി നില്‍ക്കുന്നു. അതേസമയം രാഷ്‌ട്രീയം വിടില്ലെന്നും അദ്ദേഹം രണ്ടാമത്തെ കുറിപ്പില്‍ വിശദീകരിച്ചു. പിന്നീട് മൂന്നാമൂഴത്തില്‍ അധികാരത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കൂട്ടര്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു.
അതേസമയം പൊതുജീവിതത്തില്‍ താങ്കളുടെ സാന്നിധ്യം ആവശ്യമാണെന്നും പലതും താങ്കള്‍ക്കും ചെയ്യാനുണ്ടെന്നും ശശി തരൂര്‍ റിട്വീറ്റ് ചെയ്‌തു. തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂരിനോടാണ് രാജീവ് ചന്ദ്രശേഖര്‍ പരാജയപ്പെട്ടത്.
Also Read: മോദിയുടെ മൂന്നാമൂഴത്തില്‍ പഴയ പ്രമുഖർ ഒഴിവാകും; പകരമെത്തുന്നത് ഇവര്‍