കോഴിക്കോട് : നാദാപുരത്ത് കനത്ത മഴയും കാറ്റും. ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. നാദാപുരം ആവോലത്തെ കൂടേൻ്റവിട ചന്ദ്രമതിയുടെ വീടിന് മുകളിലാണ് സമീപത്തെ കൂറ്റൻ പന കടപുഴകി വീണത്. മരം വീണ് വീടിൻ്റെ പിൻഭാഗത്തെ മേൽക്കൂരയും വരാന്തയുടെ മേൽകൂരയും തകർന്നു. ആർക്കും പരിക്കില്ല.
കനത്ത മഴയിൽ രാമനാട്ടുകര ദേശീയ പാതയിൽ മരം കടപുഴകി വീണ് മൂന്ന് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശികളായ കാപ്പിൽ സുധീർ, പണ്ടാരങ്കണ്ടി സുനിൽ കുമാർ, ഇടിമുഴിക്കൽ മുതുപറമ്പത്ത് മൻസൂർ എന്നിവർക്കാണ് പരിക്കേറ്റത്. റോഡരികിൽ നിർത്തിയിട്ട പെട്ടി ഓട്ടോറിക്ഷയും തകർന്നു.
പേരാമ്പ്രയിൽ മരം വീണ് ജീപ്പ് പൂർണമായി തകർന്നു. വാഹനത്തിൽ ആളില്ലാതിരുന്നതിൽ അപകടം ഒഴിവായി. നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ടുണ്ടായി. മലയോര മേഖലകളിലടക്കം ശക്തമായ മഴ പെയ്‌തു.
മലയോര മേഖലയില്‍ കുഴിയെടുക്കല്‍ പോലുള്ള ജോലികളും കുട്ടവഞ്ചി സവാരി അടക്കമുളളവയും നിരോധിച്ചു. വയനാട് ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.
കൊയിലാണ്ടി ദേശീയപാതയിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായതിൽ പ്രതിഷേധിച്ച് റോഡ് നിർമാണ കമ്പനിയായ വാഗാഡിൻ്റെ ഓഫിസ് നാട്ടുകാർ ഉപരോധിച്ചു. നിർമാണം നടക്കുന്ന റോഡിലെ അപാകതകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹരിക്കാത്തതിനെ തുടർന്നാണ് റോഡ് ഉപരോധം. വെള്ളക്കെട്ടുകൾ ഉടൻ നീക്കം ചെയ്യാമെന്നും, സർവീസ് റോഡുകൾ ഗതാഗത യോഗ്യമാക്കാമെന്ന ഉറപ്പിലുമാണ് സമരം അവസാനിപ്പിച്ചത്.
Also Read: കനത്ത മഴ; റോഡരികിൽ നിന്ന മരം കടപുഴകി ആറ്റില്‍ പതിച്ചു