കാസർകോട് : കനത്ത മഴയിൽ മധൂർ സിദ്ധിവിനായക ക്ഷേത്രത്തിൽ വെള്ളം കയറി. ഇന്ന് പുലർച്ച മുതലാണ് അമ്പലപരിസരത്ത് മഴവെള്ളം ഉയർന്ന് തുടങ്ങിയത്. ശ്രീകോവിലിനുള്ളിൽ വെള്ളം കയറിയില്ലെങ്കിലും പ്രദക്ഷിണവഴിയിൽ വെള്ളം ഉയർന്നു. കനത്ത മഴയിൽ ക്ഷേത്രത്തിന് മുന്നിലെ മധുവാഹിനി പുഴ കരകവിഞ്ഞതിനെ തുടർന്നാണ് ക്ഷേത്രത്തിനുള്ളിൽ വെള്ളം കയറിയത്.
കൈവരിയില്ലാത്ത പാലത്തിൽ നിന്ന് കാറ് പുഴയിൽ മറിഞ്ഞു : പള്ളഞ്ചി - പാണ്ടി റോഡിൽ കുറ്റിക്കോൽ പള്ളഞ്ചി ഫോറസ്‌റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തിൽ നിന്നാണ് കാറ് പുഴയിലേക്ക് മറിഞ്ഞത്. കാറിൽ ഉണ്ടായിരുന്ന റാഷിദ്, തസ്‌രീഫ് എന്നിവരെ കുറ്റിക്കോൽ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. ഒഴുക്കിൽപ്പെട്ട ഇരുവരും വെള്ളത്തിൽ മരത്തിൽ പിടിച്ച് നിൽക്കുകയായിരുന്നു. കാഞ്ഞങ്ങാട് നിന്നും പുത്തൂരേക്കുള്ള യാത്രയ്‌ക്കിടെയാണ് പുലർച്ചെ ആറ് മണിക്ക് അപകടം നടന്നത്.
കാസർകോട് ചെർക്കളയ്‌ക്കും ബേവിഞ്ചയ്ക്കുമിടയിൽ ദേശീയ പാതയിൽ മണ്ണിടിച്ചിലുണ്ടായി. കൊയങ്ങാനത്ത് റോഡിൻ്റെ ഒരു വശത്തും മണ്ണിടിച്ചിലുണ്ടായി. ഈ സാഹചര്യത്തിൽ ആ പ്രദേശത്ത് വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സാധ്യതയുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൊട്ടോടി സർക്കാർ ഹൈസ്‌കൂളിന് ജില്ല കലക്‌ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.