കോട്ടയം : ജില്ലയിൽ മഴയ്‌ക്ക് നേരിയ ശമനം. വ്യാഴാഴ്‌ച രാത്രി മുതലാണ് മഴയ്‌ക്ക് നേരിയ ശമനമുണ്ടായത്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിൽ വെള്ളപൊക്ക ദുരിതത്തിന് അയവില്ല. പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ദിവസം ആഞ്ഞടിച്ച ചുഴലിക്കാറ്റാണ് ജില്ലയിൽ കൂടുതൽ നാശനഷ്‌ടം ഉണ്ടാക്കിയത്.
കുമരകം കണ്ണാടിച്ചാൽ സ്വദേശി സികെ ഷാജിയുടെ വീടിൻ്റെ മേൽക്കൂര കാറ്റിൽ പറന്നു പോയി. വീടിൻ്റെ അകലെ മീറ്ററുകൾക്ക് അപ്പുറം പാടത്തേക്കാണ് മേൽക്കൂര പറന്നു ചെന്നു വീണത്. സംഭവ സമയത്ത് ഷാജിയുടെ അമ്മയും ഭാര്യയും മക്കളും വീട്ടിൽ ഉണ്ടായിരുന്നു. കുടുംബം അപകടത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു.
വീട്ടിലെ വൈദ്യുത ഉപകരണങ്ങളടക്കം ഉപയോഗ ശൂന്യമായി. കുമരകം റോഡിൽ ഇല്ലിക്കൽ കവലയിലും ആമ്പക്കുഴി, ഭാഗങ്ങളിൽ വെള്ളം കയറി ഗതാഗതം തടസമുണ്ടായിട്ടില്ല. ചെങ്ങളം കാഞ്ഞിരം, തിരുവാർപ്പ് കുമ്മനം പ്രദേശങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വ്യാഴാഴ്‌ച വൈകുന്നേരമാണ് ഏറ്റുമാനൂർ ഭാഗത്ത് മീനച്ചിലാർ കരകവിഞ്ഞത് ഇതേ തുടർന്ന് സമീപ പാടശേഖരങ്ങളും കൃഷിയിടങ്ങളും വെള്ളത്തിലായി.
8 ക്യാമ്പുകളിലായി 30 കുടുംബങ്ങളാണ് കഴിയുന്നത്. കിഴക്കൻ മേഖലയിൽ മഴ കുറഞ്ഞത് ആശ്വാസ മാകുന്നു.
Also Read: കണ്ണൂരില്‍ മഴക്കെടുതി; യുവാവ് വെള്ളക്കെട്ടിൽ വീണ് മരിച്ചു - MAN DEATH IN WATERLOGGING IN KANNUR