തൃശൂർ : സംസ്ഥാനത്ത് ശക്തമായ മഴയെത്തുടർന്ന് അതിരപ്പിള്ളി നിറഞ്ഞൊഴുകി. നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് അതിരപ്പിള്ളി പെരിങ്ങൽകുത്ത് ഡാം കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഡാമിലെ രണ്ട് ഷട്ടറുകള്‍ രണ്ട് അടി വീതം തുറന്നതായി ജില്ല ദുരന്ത പ്രതിരോധ വിഭാഗം വെളിപ്പെടുത്തിയിരുന്നു. ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയർന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പ് അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. മലയോരമേഖലകളിൽ ജാഗ്രത വേണമെന്നും കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്കൻ ഛത്തീസ്‌ഗഡിനും വിദർഭയ്‌ക്കും മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്‌ച മറ്റൊരു ന്യൂനമർദം രൂപപ്പെട്ടേക്കും എന്നും സൂചനയുണ്ട്.
Also Read: സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്; സുരക്ഷ നടപടി ശക്തമെന്ന് റവന്യൂ മന്ത്രി