കൽപ്പറ്റ: ലോക്‌സഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ. ഏപ്രിൽ 3 ന് ഉച്ചക്ക് 12 മണിയോടെയാണ് കളക്‌ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിക്കുക. കോൺഗ്രസ് ദേശീയ നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, താരീഖ് അൻവർ തുടങ്ങിയവരും യുഡിഎഫിന്‍റെ വിവിധ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. നാമനിർദേശ പത്രിക സമർപ്പണത്തിന് ശേഷം രാഹുൽ ഗാന്ധി കൽപ്പറ്റ നഗരത്തിൽ റോഡ് ഷോയും സംഘടിപ്പിക്കും.
വയനാട്ടിലെ സിറ്റിങ്ങ് എംപിയായ രാഹുല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മണ്ഡലത്തിലെത്തിയിട്ടില്ല. രാഹുല്‍ എത്തുന്നതോടെ യുഡിഎഫിന്‍റെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകും. എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന പ്രസിഡന്‍റുമായ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയിരുന്നു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഇന്നലെ വൈകിട്ടോടെ കൽപ്പറ്റയിലെത്തിയ സുരേന്ദ്രന് ബിജെപി പ്രവർത്തകർ ഗംഭീര സ്വീകരണമാണ് നല്‍കിയത്. വയനാട്ടില്‍ നിന്നുള്ള ആദിവാസി നേതാവ് സി കെ ജാനുവും സുരേന്ദ്രനൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിപിഐയുടെ ആനി രാജയും പ്രചരണ രംഗത്ത് സജീവമാണ്.