വയനാട്: വ്യാഴാഴ്‌ച വയനാട്ടിലെത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രണ്ടാം ദിവസവും ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മുണ്ടക്കൈയിലും ചൂരല്‍ മലയിലും പുഞ്ചിരി മറ്റത്തും നടക്കുന്ന രക്ഷാ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നേരിട്ട് വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരെ സഹോദരി പ്രിയങ്കാ ഗാന്ധിക്കൊപ്പം രാഹുല്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.
ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് പോകുന്നതിനിടെ വെള്ളാര്‍മല സ്‌കൂളിനടുത്ത് രാഹുലിന്‍റെ വാഹനത്തിനു നേരെ നാട്ടുകാരുടെ രോഷ പ്രകടനമുണ്ടായി. രാഹുല്‍ കാറില്‍ നിന്ന് പുറത്തിറങ്ങണമെന്നായിരുന്നു അവിടെ കൂടി നിന്നവരുടെ ആവശ്യം. തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
രക്ഷാ പ്രവര്‍ത്തനം നടക്കുന്നതിനിടെ എത്തിയ നേതാവ് തങ്ങളുടെ പരാതികള്‍ കേള്‍ക്കണമെന്നായിരുന്നു പ്രതിഷേധിച്ചവരുടെ ആവശ്യം. കാറില്‍ നിന്ന് ഇറങ്ങാനും ചെളി പുരളാനും ആവില്ലെങ്കില്‍ പിന്നെ എന്തിനാണ് വന്നതെന്നും പ്രതിഷേധക്കാര്‍ ആക്രോശിച്ചു. എന്നാല്‍ താന്‍ രാഷ്ട്രീയം കളിക്കാന്‍ വന്നതല്ലെന്നും രക്ഷാപ്രവര്‍ത്തനം നേരിട്ട് വിലയിരുത്താന്‍ എത്തിയതാണെന്നും രാഹുല്‍ അവിടെ കൂടിനിന്നവരോട് പറഞ്ഞു. കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖും പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ ഇടപെട്ടു.
പിന്നീട് ദുരന്ത ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം തുടര്‍ന്ന രാഹുല്‍ ഗാന്ധി ജില്ലാ അധികൃതരുമായി കൂടിക്കാഴ്‌ച നടത്തുകയും രക്ഷാപ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്‌തു. എല്ലാം നഷ്‌ടപ്പെട്ട വയനാട്ടിലെ മനുഷ്യര്‍ക്ക് 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന ഉറപ്പും സന്ദര്‍ശനത്തിനിടെ രാഹുല്‍ നല്‍കി. സാധ്യമായ സഹായങ്ങളെല്ലാം നല്‍കും. അതിന് കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നെന്നും അദ്ദേഹം പറഞ്ഞു.
Also Read: 'ഒപ്പമുണ്ട്...'; വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദർശിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും