കോഴിക്കോട് : വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. വയനാട്ടിലെ സുല്‍ത്താൻ ബത്തേരിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. സുല്‍ത്താൻ ബത്തേരി ടൗണിലൂടെ കൊടികളില്ലാതെയാണ് ഈ തവണയും റോഡ് ഷോ നടന്നത്.
കോണ്‍ഗ്രസിന്‍റെയോ ലീഗിന്‍റെയോ കൊടികള്‍ റോഡ് ഷോയിലുണ്ടായിരുന്നില്ല. പകരം ബലൂണുകളും രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പതിച്ച പ്ലക്കാര്‍ഡുകളും കൈയിലേന്തിയാണ് പ്രവര്‍ത്തകര്‍ അണിനിരന്നത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുത്തത്. സുല്‍ത്താൻ ബത്തേരി എംഎല്‍എ ഐസി ബാലകൃണൻ ഉള്‍പ്പെടെ റോഡ് ഷോയില്‍ പങ്കെടുത്തു.
രാഹുൽ ഗാന്ധിക്ക് ഇന്ന് വയനാട് ജില്ലയിൽ ആറ് പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബത്തേരിക്ക് പുറമെ, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവടിങ്ങളിലും റോഡ് ഷോ നടത്തും. സമയക്രമം പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ ചില പരിപാടികൾ വെട്ടിച്ചുരുക്കും.
പുൽപ്പള്ളിയിലെ കർഷക സംഗമത്തില്‍ രാഹുൽ സംസാരിക്കും. മാനന്തവാടി ബിഷപ്പുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച നടത്തും. വൈകിട്ട് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിലും രാഹുൽ പങ്കെടുക്കും.
അതേസമയം വയനാട്ടിലെ തെരഞ്ഞെടുപ്പ് പരിപാടിക്കെത്തിയ രാഹുൽ ഗാന്ധിയുടെ ഹെലികോപ്‌ടറിൽ പരിശോധന നടന്നു. തെരഞ്ഞെടുപ്പ് കമ്മിഷൻ ഫ്ലൈയിങ് സ്ക്വാഡാണ് വയനാടിനോട് ചേര്‍ന്നുള്ള തമിഴ്‌നാട്ടിലെ നിലഗീരി ജില്ലയിലെ താളൂരിൽ വച്ച് ഹെലികോപ്‌ടര്‍ പരിശോധിച്ചത്.
രാവിലെ ഒൻപതരയ്ക്ക് നീലഗിരി ആട്‌സ് ആൻഡ് സയൻസ് കോളജിലാണ് ഹെലികോപ്റ്ററിൽ രാഹുൽ ഗാന്ധിയെത്തിയത്. ഇവിടെ വച്ചാണ് പരിശോധന നടന്നത്. പരിശോധനയിൽ ഒന്നും ലഭിച്ചില്ല എന്നാണ് പ്രാഥമിക വിവരം.
Also Read : 'രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല': എംഎം ഹസൻ - No Flags In Rahul Gandhi Campaign