തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് നടന്ന തൃശൂര്‍ പൂരം കലക്കിയതിനു പിന്നില്‍ എഡിജിപി എംആര്‍ അജിത്കുമാറിന് പങ്കുണ്ടെന്ന പിവി അന്‍വറിന്‍റെ ആരോപണത്തിന് പിന്നാലെ എല്‍ഡിഎഫിനുള്ളില്‍ വിവാദം പുകഞ്ഞു തുടങ്ങി. തൃശൂര്‍ പൂര വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പുറത്തു വിടാത്തതെന്തെന്ന ചോദ്യവുമായി തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വിഎസ് സുനില്‍ കുമാര്‍ രംഗത്തെത്തി.
ഇതോടെയാണ് പുതിയ വിവാദം എല്‍ഡിഎഫില്‍ തലയുയര്‍ത്തുന്നത്. പൂരം കലക്കിയത് എം ആര്‍ അജിത്കുമാറാണോ എന്നു തനിക്കറിയില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു. ആദ്യം റിപ്പോര്‍ട്ട് പുറത്തു വിടൂ, അതിന് ശേഷം പറയാം കടിച്ചത് ചേരയാണോ മൂര്‍ഖനാണോ എന്നായിരുന്നു ഇന്ന് തൃശൂരില്‍ മാധ്യമങ്ങളോട് സുനില്‍കുമാര്‍ പറഞ്ഞത്.
മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് എന്തു കൊണ്ട് പുറത്തു വിടുന്നില്ലെന്ന് ചോദിക്കുന്ന സുനില്‍ കുമാര്‍, റിപ്പോര്‍ട്ട് പുറത്തു വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും വ്യക്തമാക്കി. ഇതോടെ പ്രകടമായിരിക്കുന്നത് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചതിലെ കടുത്ത അതൃപ്‌തിയാണ്.
തൃശൂര്‍ പൂര ദിവസം പകല്‍പ്പൂരം നടക്കുമ്പോഴും ഇലഞ്ഞിത്തറ മേളം നടക്കുമ്പോഴും ഒന്നും ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി സ്ഥലത്തുണ്ടായിരുന്നില്ല. എന്നാല്‍ രാത്രി ഈ സംഭവങ്ങളുണ്ടായ ശേഷം പൊടുന്നനെ സുരേഷ് ഗോപി അവിടെ സേവ ഭാരതിയുടെ അംബുലന്‍സിലെത്തിയത് യാദൃച്ഛികമാണെന്ന് കരുതാന്‍ വയ്യെന്ന് സുനില്‍ കുമാര്‍ പറയുന്നതില്‍ പ്രതിപക്ഷം ആക്ഷേപിക്കുന്ന തരത്തിലുള്ള ഒരു ഡീല്‍ തൃശൂരില്‍ നടന്നതായി സംശയിക്കുന്ന തരത്തിലുള്ള ഒരു ധ്വനി ഒളിഞ്ഞിരിക്കുന്നുണ്ട്. മാത്രമല്ല, സുരേഷ് ഗോപിക്കൊപ്പം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആര്‍എസ്എസ് നേതാക്കളുണ്ടായിരുന്നു എന്നതും സംശയം വര്‍ധിപ്പിക്കുന്നതായി സുനില്‍കുമാര്‍ പറയുന്നു.
ഇതിന്‍റെയെല്ലാം സംശയമുന നീളുന്നത് സിപിഎമ്മിലേക്കാണ്. ഇതു സംബന്ധിച്ച് സിപിഎം നേതാക്കളുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. അതിനിടെ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ ബിജെപിക്ക് വേണ്ടിയായിരുന്നു എന്ന ആരോപണവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ കെ മുരളീധരന്‍ രംഗത്തുവന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയാണ് എഡിജിപി എം ആര്‍ അജിത് കുമാറിന് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയതെന്നും ഇത് സിപിഎം-ബിജെപി ഡീല്‍ ആണെന്നും മുരളീധരന്‍ ആരോപിച്ചു. നിരവധി ആരോപണങ്ങളില്‍ മുഖ്യമന്ത്രിയും കുടുംബവും കേന്ദ്ര ഏജന്‍സികളുടെ നോട്ടപ്പുള്ളികളാണ്. കരുവന്നൂര്‍ സഹകരണ സംഘം തട്ടിപ്പില്‍ സിപിഎം ഇഡി അന്വേഷണത്തെ ഭയക്കുന്നു. ഇതില്‍ നിന്നെല്ലാം രക്ഷപ്പെട്ട് ബിജെപിയെ പ്രീതിപ്പെടുത്താനാണ് സിപിഐയുടെ സീറ്റ് ബിജെപിക്കു നല്‍കാന്‍ രഹസ്യ ഡീല്‍ ഉണ്ടാക്കിയതെന്നും മുരളീധരന്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പൂരം കലക്കിയ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും മുരളി ആവശ്യപ്പെട്ടു. ഏതായാലും ചാരം മൂടിക്കിടന്ന തൃശൂര്‍ പൂര വിവാദം വീണ്ടും പുകഞ്ഞു തുടങ്ങുകയാണ്. ഒപ്പം സിപിഎം-ബിജെപി ഡീല്‍ ആരോപണം വീണ്ടും ശക്തമാകുകയും ചെയ്‌തിരിക്കുന്നു. പി വി അന്‍വറിന്‍റെ ആരോപണം അതിന് കാരണമായെങ്കില്‍ സിപിഐ ഇനി ഇത് ഏതു തരത്തില്‍ കൈകാര്യം ചെയ്യുമെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
Also Read: പൂരം എക്‌സിബിഷന്‍ മുതല്‍ അട്ടിമറി ശ്രമം, കേന്ദ്രത്തിനും സംസ്ഥാനത്തിനും പങ്ക്: കെ മുരളീധരന്‍