മലപ്പുറം: പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ലിൽ ഭൂമിക്കടിയിൽ നിന്നും മുഴക്കമുണ്ടായ സംഭവത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ ജിയോളജി സർവേ ഓഫ് ഇന്ത്യയുടെ നേത്യത്വത്തിൽ വിശദമായ പരിശോധന നടത്തണമെന്ന് പിവി അൻവർ എംഎൽഎ. ആനക്കല്ലിൽ എത്തി ജനങ്ങളുമായി സംസാരിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
വിശദമായ പരിശോധന നടത്തിയാലെ ജനങ്ങളുടെ ആശങ്കയകറ്റാനും ഇപ്പോഴത്തെ പ്രതിഭാസം കണ്ടെത്താനും കഴിയുകയുള്ളൂ. സംസ്ഥാന സർക്കാരിന്‍റെ അടുത്ത് ഇതിനുള്ള സംവിധാനമില്ലാത്തതിനാലാണ് സർവേ ഓഫ് ഇന്ത്യയുടെ സഹായം തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.
2018 ലെ പ്രളയത്തിന് ശേഷം ഭൂമിക്കടിയിൽ നിന്നും ശബ്‌ദം കേട്ടിട്ടുള്ളതായി ഇതിന് മുമ്പും പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഭൂമിക്കടിയിൽ എന്തൊക്കെയോ പ്രതിഭാസം നടക്കുന്നുണ്ട്. ഇത് വിശദമായ പഠനം നടത്തേണ്ട വിഷയമാണെന്നും അൻവർ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
താൻ സ്ഥലത്ത് എത്തിയ ശേഷം വീണ്ടും ഭൂമിക്കടിയിൽ നിന്നും മുഴക്കം കേട്ടു. ആനക്കല്ലിലെ ജനങ്ങളുടെയും തന്‍റെയും ആശങ്ക അകലുന്നില്ലെന്ന് അൻവർ വ്യക്തമാക്കി. ചെട്ടിയൻ പാറ, കവളപ്പാറ ദുരന്തങ്ങൾ നമ്മുക്ക് മുന്നിലുണ്ട്. നാടുകാണി ചുരത്തിൽ ഇത്തരം പ്രതിഭാസങ്ങൾ വർഷങ്ങൾക്ക് മുമ്പേ കണ്ടെത്തിയിട്ടും സംസ്ഥാനത്തെ ജിയോളജി വകുപ്പിന് ഇനിയും ഇതിന്‍റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും എംഎൽഎ പറഞ്ഞു. കലക്‌ടറെ വിളിച്ച് രണ്ട് തവണ സ്ഥലം സന്ദർശിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും തെരഞ്ഞെടുപ്പ് ചുമതലയുള്ളത് കൊണ്ടാകും കലക്‌ടര്‍ സ്ഥലത്ത് എത്താതിരുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു.