തിരുവനന്തപുരം : താന്‍ ദൈവത്തിനും പാര്‍ട്ടിക്കും മുന്നില്‍ മാത്രമേ കീഴടങ്ങുവെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. എഡിജിപി എം ആര്‍ അജിത് കുമാര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവര്‍ക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതി നൽകിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഇന്നലെ (സെപ്‌റ്റംബർ 3) മുഖ്യമന്ത്രിക്ക് കൈമാറിയ പരാതിയുടെ പകര്‍പ്പാണ് ഇന്ന് (സെപ്‌റ്റംബർ 4) പാര്‍ട്ടി സെക്രട്ടറിക്ക് മുന്നിലും പിവി അന്‍വര്‍ നൽകിയത്. ഈ പാര്‍ട്ടിയെ പറ്റി എന്താണ് മനസിലാക്കിയിട്ടുള്ളതെന്ന് ചോദ്യത്തിന് പിവി അന്‍വര്‍ അന്തസുള്ള പാര്‍ട്ടിയും അന്തസുള്ള മുഖ്യമന്ത്രിയുമാണെന്നും അരമണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്‌ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ് എഡിജിപിയെ മാറ്റേണ്ടത്. എനിക്ക് ഒരു ഉറപ്പും എവിടുന്നും ലഭിച്ചിട്ടില്ല. പാര്‍ട്ടി സെക്രട്ടറിയോട് പറയേണ്ട കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. ലക്ഷക്കണക്കിനുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞത്. അതിൽ എനിക്ക് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് പിവി അൻവർ പറഞ്ഞു.
'മുഖ്യമന്ത്രി പോലും ആ സ്ഥാനത്ത് എത്തിയത് പാര്‍ട്ടിയുടെ ഭാഗമായത് കൊണ്ടാണ്. പാര്‍ട്ടിയില്‍ ഇരിക്കുന്ന എന്നെക്കാള്‍ മുതിര്‍ന്നവര്‍ ഇക്കാര്യങ്ങളൊന്നും അന്വേഷിച്ചിട്ടുണ്ടാകില്ല. ഒരു ലോബിക്കെതിരെയുള്ള വിപ്ലവമാണിത്.
എനിക്ക് മുഖ്യമന്ത്രിയോടും പാര്‍ട്ടിയോടും കമിറ്റ്‌മെന്‍റ് ഉണ്ട്. ഇനി എന്ത് നടക്കുമെന്ന് നോക്കാം. വ്യാജ അന്വേഷണം നടത്തി രക്ഷപ്പെടാമെന്ന് ആരും വിചാരിക്കണ്ട. പാര്‍ട്ടിയില്‍ അടിയുറച്ച് വിശ്വസിക്കുന്ന സഖാവാണ് ഞാന്‍. സ്വര്‍ണം കൊണ്ടുവരുന്ന പലരുടെയും വീടുകളില്‍ ഡാന്‍സാഫ് സംഘം ബന്ധപ്പെടുന്നുണ്ടെന്നും പി വി അന്‍വര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
നാളെ (സെപ്‌റ്റംബർ 5) സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് പിവി അന്‍വര്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എഡിജിപി എംആര്‍ അജിത് കുമാറിനുമെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയും കണ്ടത്.