കോട്ടയം : ജില്ലയില്‍ ഞായറാഴ്ച നടന്ന പോളിയോ നിര്‍മ്മാര്‍ജന യജ്ഞത്തില്‍ 91604 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.പിഎൻ വിദ്യാധരൻ. 96,698 കുട്ടികള്‍ക്കാണ് മരുന്ന് നല്‍കാന്‍ ഉദ്ദേശിച്ചിരുന്നത്. 94.73% കുട്ടികള്‍ക്ക് ആദ്യ ദിനം ബൂത്തുകളില്‍ വച്ച് തുള്ളി മരുന്ന് നല്‍കി (Pulse Polio Immunization).
മുഴുവന്‍ കുട്ടികള്‍ക്കും മരുന്ന് നല്‍കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി അടുത്ത ദിവസങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് യജ്ഞം പൂര്‍ത്തീകരിക്കുമെന്ന് ഡിഎംഒ അറിയിച്ചു. ബസ് സ്‌റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും പ്രവര്‍ത്തിക്കുന്ന ട്രാന്‍സിറ്റ് ബൂത്തുകളും മൊബൈല്‍ ബൂത്തുകളും രണ്ട് ദിവസം കൂടി പ്രവര്‍ത്തിക്കുന്നതാണ്.
ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ആരോഗ്യകേരളം സാമൂഹ്യക്ഷേമ വകുപ്പ്, കുടുംബശ്രീ, വിദ്യാഭ്യാസവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും റോട്ടറി ക്ലബ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. കോട്ടയം ജില്ല ആശുപത്രിയിൽ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍റെ ജില്ലാതല ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവനാണ് നിർവഹിച്ചത്.