കണ്ണൂര്‍: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി പുതിയൊരു ഭാവി സ്വപ്‌നം കാണുകയാണ്. 700 കിലോമീറ്ററര്‍ അകലെയുള്ള ഭരണ സിരാ കേന്ദ്രമായ പുതുച്ചേരിയില്‍ നിന്നുള്ള അവഗണന മയ്യഴിക്കാര്‍ക്ക് മതിയായി. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ നിന്നും വേര്‍പെടാന്‍ മാനസികമായി ഒരുങ്ങുകയാണ് മാഹി നിവാസികള്‍.
നേരത്തേ പലതവണ കേരളത്തോട് ലയിക്കാനുള്ള ചര്‍ച്ചകള്‍ വന്നപ്പോഴൊക്കെ അത് തള്ളിക്കളഞ്ഞവരാണ് മാഹിക്കാര്‍. ഇത്തവണ മാഹിയിലെ റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്ക് അകത്ത് നിന്നുതന്നെ പുതിയ നിര്‍ദേശം വരുന്നു. ലയിക്കുന്നെങ്കില്‍ അത് ലക്ഷദ്വീപുമായി മതി.
മാഹിയിലെ 21 റസിഡന്‍സ് അസോസിയേഷനുകളിലും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. റസിഡന്‍സ് അസോസിയേഷന്‍ കൂട്ടായ്‌മയിലെ ഭൂരിഭാഗം പേരും ലക്ഷദ്വീപുമായുളള ലയനത്തെയാണ് അനുകൂലിക്കുന്നതെന്ന് ജോയിന്‍റ് റസിഡന്‍സ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ ഷാജി പിണക്കാട് ഇടിവി ഭാരതിനോട് പറഞ്ഞു.
കേരളത്തിനകത്ത് കിടക്കുന്ന മാഹിയെ കേരളവുമായി ലയിപ്പിക്കണമെന്ന ആവശ്യം ആരും അംഗീകരിക്കുന്നില്ല. ലക്ഷദ്വീപുമായി ലയിപ്പിച്ച് കേന്ദ്ര ഭരണ പ്രദേശമായി നിലനില്‍ക്കാനാണ് മയ്യഴിക്കാര്‍ ആഗ്രഹിക്കുന്നത്. പുതുച്ചേരിയില്‍ നിന്നും മാറ്റി ലക്ഷദ്വീപുമായി ബന്ധപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരത്തെ തന്നെ നിവേദനം നല്‍കിയിരുന്നു.
തുടര്‍ന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പുരുഷോത്തം രൂപാല നിര്‍മ്മാണത്തിലിരിക്കുന്ന മാഹി ഹാര്‍ബര്‍ സന്ദര്‍ശിച്ചിരുന്നു. ഭാഷാപരമായും സാംസ്‌കാരികപരമായുമുള്ള അടുപ്പം, കടല്‍വഴി ലക്ഷദ്വീപില്‍ നിന്ന് ഏറ്റവും വേഗം എത്തിച്ചേരാവുന്ന തുറമുഖം, ഇരു പ്രദേശങ്ങളുടേയും ടൂറിസം സാധ്യത എന്നിങ്ങനെ 3 ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മാഹിക്കാര്‍ ദ്വീപ് ബന്ധത്തെ ന്യായീകരിക്കുന്നത്.
കൊച്ചിയില്‍ നിന്ന് കടല്‍മാര്‍ഗം 426 കിലോമീറ്ററും, കോഴിക്കോട്ട് നിന്ന് 558 കിലോമീറ്ററുമാണ് ലക്ഷദ്വീപിലേക്കുള്ള ദൂരം. മാഹിയില്‍ നിന്നുള്ള ദൂരം വെറും 342 കിലോമീറ്റര്‍ മാത്രമാണ്. ഇരു പ്രദേശങ്ങളുടേയും വാണിജ്യ വിനോദ സഞ്ചാര വികസനത്തിന് ലയനം ഉപകാരപ്പെടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുതുച്ചേരിയില്‍ നിന്നും കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി മാഹി നേരിടുന്ന അവഗണനക്ക് പരിഹാരമാകാന്‍ ലക്ഷദ്വീപുമായുള്ള ലയനം അനിവാര്യമാണെന്ന വാദത്തിന് ബലം പകരാന്‍ മാഹിക്കാര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ പലതാണ്. മികച്ച വ്യാപാര ബന്ധവും വിനോദസഞ്ചാര വികസനവും ലയനം വഴി മാഹിക്ക് ലഭിക്കുമെന്നാണ് ഇവര്‍ കരുതുന്നത്. തദ്ദേശ ഭരണ സംവിധാനവും പൊതു വിതരണ സമ്പ്രദായവുമില്ലാതെ സര്‍ക്കാര്‍ കെടുകാര്യസ്ഥത മൂലം തകര്‍ന്ന വ്യാപാരമേഖലയുമായി നിലനില്‍പ്പിന് പാടുപെടുകയാണ് ഇന്നത്തെ മാഹി.
ഒരു കാലത്ത് പ്രൗഢികൊണ്ട് വടക്കേ മലബാറില്‍ ശ്രദ്ധേയമായ നഗരമായിരുന്നു മാഹി. ഇരുഭാഗത്തും കിടക്കുന്ന കണ്ണൂര്‍-കോഴിക്കോട് ജില്ലകളിലെ വ്യാപാരികളും ഉപഭോക്താക്കളും ഇവിടെ എത്തിയിരുന്നു. എന്നാല്‍ അതെല്ലാം പുതുച്ചേരി സര്‍ക്കാറിന്‍റെ കെടുകാര്യസ്ഥതകൊണ്ട് അസ്‌തമിച്ചിരിക്കയാണിപ്പോള്‍.
പെട്രോളിനും മദ്യത്തിനും മാത്രം ആശ്രയിക്കുന്ന ഒരു നഗരമായി മാഹി മാറി. കടലും പുഴയും കൊണ്ട് അനുഗ്രഹിക്കപ്പെട്ട മാഹിയില്‍ സഞ്ചാരികളുടെ ഒഴുക്കും കുറഞ്ഞിരിക്കയാണ്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടങ്ങളെല്ലാം പരിപാലന കുറവു മൂലം ആളുകളെ അകറ്റി നിര്‍ത്തുന്നു. ഒരു ഭരണസംവിധാനം ക്രിയാത്മകമല്ലാത്തതിന്‍റെ ദുരിതം പേറുകയാണ് ഇന്ന് മാഹി.
പഴയ മാഹിയുടെ പ്രതാപവും ഐശ്വര്യവും വീണ്ടെടുക്കാന്‍ പുതുച്ചേരിയുടെ ഭൂപടത്തില്‍ നിന്നും മാഹിയെ മാറ്റുക മാത്രമേ വഴിയുള്ളൂവെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം ഏറിയിരിക്കുകയാണ് ഇന്ന് മാഹിയില്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ മാഹിയെ ലക്ഷദ്വീപുമായി ലയിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ദേശീയ തലത്തില്‍ സജീവമാക്കാന്‍ ഒരുങ്ങുകയാണ് റസിഡന്‍റ്സ് അസോസിയേഷന്‍ കൂട്ടായ്‌മ.