കണ്ണൂര്‍: തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ധന്യ മുഹൂര്‍ത്തത്തിനാണ് മാഹി നിയമസഭ മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് പൂര്‍ണ്ണമായും വനിതകളാണ്. വനിതാ ഓഫീസര്‍മാരുടെ നിയന്ത്രണത്തിലാണ് പുതുച്ചേരി മണ്ഡലത്തിലെ ജനാധിപത്യത്തിന്‍റെ വിധിയെഴുത്ത് മാഹിയില്‍ നടക്കുന്നത്.
ഒരു മാതൃകാ ബൂത്തും 28 വയസ്സില്‍ താഴെയുളളവര്‍ക്കായുളള ഒരു യൂത്ത് ബൂത്തും ഉള്‍പ്പെടെ എല്ലാം വനിതകള്‍ നിയന്ത്രിക്കും. ഏഴ് പ്രശ്‌നബാധിത ബൂത്തുകളിലും പുരുഷ സാനിധ്യം ഉണ്ടാവില്ല. ഇവിടേയും വനിതാ ഓഫീസര്‍മാര്‍ നിയന്ത്രണം ഏറ്റെടുത്തു കഴിഞ്ഞു. സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിലാണ് എല്ലാ ബൂത്തുകളും.
ഓരോ ബൂത്തിലും പ്രിസൈഡിങ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് വീതം പോളിങ് ഓഫീസര്‍മാര്‍, എംടിഎസ് ഒരു വനിതാ പൊലീസ് എന്നിവരുള്‍പ്പെടെയാണ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. 30 സിഐഎസ്എഫ്, 60 വനിതാ പൊലീസ് ഉള്‍പ്പെട്ട സംഘം പുതുച്ചേരിയില്‍ നിന്ന് മാഹിയിലെത്തിയിട്ടുണ്ട്. മാഹിയിലെ 31, 038 വോട്ടര്‍മാരില്‍ ഭൂരിഭാഗവും വനിതകളാണ് പുരുഷന്‍മാരേക്കാള്‍ 2312 വനിതകള്‍ കൂടുതലുണ്ട്. അത്യപൂര്‍വ്വമായ തെരഞ്ഞെടുപ്പ് രീതിയാണ് മാഹിയില്‍ നടക്കുക. ജനാധിപത്യ സംവിധാനത്തിന് സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ത്തിക്കാട്ടാനും ഈ തെരഞ്ഞെടുപ്പ് തുടക്കമാകും.
Also Read: മാഹി പോളിങ് ബൂത്തിലേക്ക്; കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണം അവസാനിച്ചു