കോഴിക്കോട്: മാനന്തവാടിയിൽ പിഞ്ചുകുഞ്ഞ് പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾക്ക് വേണ്ടി ഹാജരായത് പബ്ലിക് പ്രോസിക്യൂട്ടർ. മാനന്തവാടി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികൾക്കായി പബ്ലിക്ക് പ്രോസിക്യൂട്ടർ ഹാജരായത്. സംഭവം വിവാദമായതോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
പ്രത്യേക കോടതി പബ്ലിക് പ്രൊസിക്യൂട്ടർ ജോഷി മുണ്ടയ്ക്കലാണ് പ്രതികൾക്ക് വേണ്ടി ഹാജരായത്. പൊള്ളലേറ്റ് പിഞ്ചുകുഞ്ഞു മരിച്ച സംഭവത്തിൽ അറസ്‌റ്റിലായ കുട്ടിയുടെ പിതാവിനും നാട്ടു വൈദ്യനും വേണ്ടിയാണ് പ്രൊസിക്യൂട്ടർ ഹാജരായത്. കോടതി ഇരുവർക്കും ജാമ്യം നൽകി. പബ്ലിക് പ്രൊസിക്യൂട്ടറുടെ അധികാരം ഉപയോഗിച്ച് ജോഷി മുണ്ടയ്ക്കൽ പൊലീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതായും ആരോപണം ഉയരുന്നുണ്ട്.
മൂന്ന് വയസുകാരൻ മുഹമ്മദ് അസാൻ ആണ് ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണ് മരിച്ചത്. മാനന്തവാടി ആശുപത്രിയിൽ എത്തിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്‌തിരുന്നു. എന്നാൽ നാട്ടുവൈദ്യന്‍റെ അടുത്തേക്കാണ് കുട്ടിയെ കൊണ്ടുപോയത്.
ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജൂൺ 20ന് മരിച്ചു. സംഭവത്തിൽ കുട്ടിയുടെ പിതാവ് അൽത്താഫ്, വൈദ്യൻ ജോർജ് എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവർക്ക് വേണ്ടിയാണ് പബ്ലിക് പ്രോസിക്യൂട്ടർ മാനന്തവാടി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്.
Also Read: മൂവാറ്റുപുഴയില്‍ ടിവി വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം